കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സസ്പെൻഡ് ചെയ്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ലെന്ന് പറഞ്ഞ വി ഡി സതീശൻ സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നുവെന്നും ബിജെപിയിൽ പോക്സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
വിഷയം പാർട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് നടപടി എടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം തീരുമാനം കേരളത്തിൽ എടുത്തിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു. അതേസമയം ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.
ഒരു റേപ്പ് കേസിലെ പ്രതി സിപിഐഎമ്മിൽ പ്രതിയായിട്ട് ഇരിക്കുകയാണ്. ബിജെപിയിൽ പോക്സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. സ്ത്രീകളോടുള്ള തങ്ങളുടെ പ്രസ്ഥാനത്തിന്റെ ആദരവും ബഹുമാനവും കൊണ്ട് രാഹുലിനെതിരെ നടപടിയെടുത്തുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. പരാതി ഇല്ലാത്തതിനാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും രാഹുലിനെതിരായ ആരോപണങ്ങൾ ഗൗരവതാരമാണെന്നും തുടർ നടപടികൾ ചർച്ച ചെയ്ത് കഴിഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു.







