വാക്സിൻ ചലഞ്ച്; അരക്കോടി കടന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ എതിര്‍പ്പ് ശക്തമാകുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വേറിട്ട പ്രതിഷേധ കാമ്പയിന്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്‌സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്‌സിന്‍ ചലഞ്ച് എന്ന പുതിയ കാമ്പയിന്‍. ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51.93 ലക്ഷം രൂപയാണ് എത്തിയിരിക്കുന്നത്.

വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ ചുമലിലാക്കുകയും സ്വകാര്യ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ലാഭം കൊയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും കാമ്പയിന്‍ ആരോപിക്കുന്നു.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ കോവിഡ്-19 വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പ്രഖ്യാപിച്ചു. മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണമെന്ന പുതിയ കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് ഹേമന്ദ് സോറന്റെയും പ്രഖ്യാപനം.

ഇതിനകം മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, ഛത്തീസ്ഗഡ്, കേരളം, ഗോവ, സിക്കിം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് സാജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.