അപ്രിയ സത്യങ്ങള്‍ പറയേണ്ടിവരും, സമുദായ സൗഹാര്‍ദം അതുകൊണ്ട് തകരില്ല; പാല ബിഷപ്പിന് പിന്തുണയുമായി ദീപിക മുഖപ്രസംഗം

ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി ദീപിക മുഖപ്രസംഗം.

ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവുമാണ്. എന്നാല്‍ സമൂഹനന്മയും സമുദായ ഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്കു ചിലപ്പോള്‍ അപ്രിയ സത്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

യഥാര്‍ത്ഥ സമുദായസൗഹാര്‍ദം അതുകൊണ്ടു തകരില്ലെന്നും എല്ലാ സമുദായങ്ങളും പരസ്പരം സഹകരിച്ചും ആരെയും ദ്രോഹിക്കാതെയും നേടിയെടുക്കേണ്ടതാണ് സമുദായ സൗഹാര്‍ദം.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും കുറ്റകൃത്യങ്ങളെ പറ്റി അന്വേഷണം നടത്തി തെളിവ് കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഭീഷണികള്‍ കൊണ്ട് നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ മൗഢ്യമായിരിക്കുമെന്നും തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരെ പ്രതിഷേധങ്ങലും ഭീഷണിയും കൊണ്ട് നിശബ്ദരാക്കാന്‍ നോക്കുന്നവരെല്ലേ യഥാര്‍ഥത്തില്‍ സൗഹാര്‍ദം തകര്‍ക്കുന്നതെന്നും ദീപിക മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടെതായ അജണ്ടകളുണ്ട്. ബിഷപ്പിനെ വിമര്‍ശിച്ച് രംഗത്തുവന്ന ചില രാഷ്ട്രീയ നേതാക്കങളുടെ ഉന്നം വോട്ടുബാങ്കിലാണ്.

യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്ന് കാണാതിരിക്കാനാവില്ല. ഈ പ്രീണന രാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാര രംഗമാക്കാന്‍ ഒരു കാരണം. സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ലെന്നും പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.