ഉമ തോമസ് ഇന്ന് നിയമസഭയില്‍: ആദ്യ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസില്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷം നേടി പിടി തോമസിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തിയ ഉമ തോമസിന്റെ ആദ്യ നിയമസഭാ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. സഭയിലെ ഉമയുടെ ആദ്യ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസിലാണ്. നിയമസഭയില്‍ ഉന്നയിക്കാന്‍ നല്‍കിയ ചോദ്യങ്ങളുടെ കൂടെയാണ് ഇത് നല്‍കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്ന് ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ 29/01/2020 ന് സര്‍ക്കാറിനെ അറിയിച്ചിരുന്നോ? എങ്കില്‍ ഇതിന്മേല്‍ അന്ന് തന്നെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ എന്നീ ചോദ്യങ്ങളാണ് ഉമ ഉന്നയിക്കുന്നത്.

ഉമ തോമസിന്റെ ഭര്‍ത്താവും മുന്‍ തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് വളരെ സജീവമായ ഇടപെട്ടിരുന്ന കേസാണിത്. ഇതില്‍ തന്നെയാണ് ഉമയുടെ ആദ്യ ചോദ്യമെന്നത് ശ്രദ്ധേയമാണ്. വടകര എംഎല്‍എ കെ.കെ രമയും സമാന ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. അതേസമയം 23 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനണ് പ്രതിപക്ഷത്തിന്റെ നീക്കം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ തകര്‍ത്തതും സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകളും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും.