സെബാസ്റ്റ്യന്‍ പോള്‍
ടെലിവിഷന്‍ ആങ്കര്‍മാര്‍ എന്നറിയപ്പെടുന്ന ചര്‍ച്ചാപ്രമാണിമാര്‍ അകാരണമായി അക്രമാസക്തരാകാതിരുന്ന നല്ല കാലത്ത് സംയമനത്തോടെ ചോദ്യങ്ങള്‍ ചോദിക്കുന്ന വീണാ ജോര്‍ജിന്റെ മുന്നില്‍ ഞാന്‍ സ്ഥിരം അതിഥിയായിരുന്നു. അതിഥിയെ ഇരയായോ സ്വന്തം അജണ്ട നടപ്പാക്കാനുള്ള കിങ്കരനോ ആയി കണക്കാക്കാതിരുന്ന ശുദ്ധമായ ടെലിവിഷന്‍ സംസ്‌കാരമായിരുന്നു വീണ പ്രവര്‍ത്തിച്ചിരുന്നതും എം വി നികേഷ്‌കുമാര്‍ നേതൃത്വം നല്‍കിയിരുന്നതുമായ ഇന്ത്യാവിഷന്റേത്. ചാനല്‍ അവതാരത്തിനുശേഷം വീണയുടെ രാഷ്ട്രീയ അവതാരമാണ് കേരളം കണ്ടത്. എംഎല്‍എ,? തുടര്‍ന്ന് മന്ത്രി. സ്വന്തം കൂട്ടത്തില്‍നിന്ന് ഒരാള്‍ രാഷ്ട്രീയമായി ഉയരുന്നതു കാണുമ്പോള്‍ രാഷ്ട്രീയമോഹങ്ങള്‍ ഉള്ളിലൊതുക്കിക്കഴിയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു തരം അസ്‌ക്യത ഉണ്ടാകാറുണ്ട്. വഴികള്‍ പിന്നിടാതെ പൊടുന്നനെ എംപിയായി എന്നെ കണ്ടപ്പോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടായതും മാധ്യമലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്നതുമായ അസ്‌ക്യത ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്. രാഷ്ട്രീയമായി നല്ല പ്രാഗത്ഭ്യവും പാരമ്പര്യവുമുള്ള കെ ആര്‍ ചുമ്മാര്‍,? കെ വിജയരാഘവന്‍ എന്നിങ്ങനെയുള്ളവര്‍ അടക്കിയ മോഹങ്ങളുമായി നില്‍ക്കേ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ദീപികയുടെ കെ സി സെബാസ്റ്റ്യന്‍ രാജ്യസഭയിലേക്ക് ഉയര്‍ത്തപ്പെട്ടതും ചില നെടുവീര്‍പ്പുകള്‍ക്ക് കാരണമായി. അതിനും ഞാന്‍ സാക്ഷിയാണ്. ജേണലിസ്റ്റിക് ജെലസി എന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കാണപ്പെടുന്ന അസൂയാസിന്‍ഡ്രത്തിന്റെ ഇരയാണ് വീണാ ജോര്‍ജ്. അതുകൊണ്ടാണ് വാസവനെ ഒഴിവാക്കി വീണയുടെ കുതികാല്‍ അന്വേഷിച്ച് മാധ്യമലോകം പായുന്നത്.
മന്ത്രിമാര്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ട്. വ്യക്തിപരമായ ഉത്തരവാദിത്വവുമുണ്ട്. നിയമപരമായ ഉത്തരവാദിത്വവും ധാര്‍മികമായ ഉത്തരവാദിത്വവുമുണ്ട്. തമിഴ്‌നാട്ടിലെ അരിയലൂരില്‍ പാലം തകര്‍ന്ന് തീവണ്ടി നദിയില്‍ വീണ് 140 യാത്രക്കാര്‍ മരിച്ചപ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ന്യൂഡെല്‍ഹിയില്‍ റെയില്‍വേ മന്ത്രിയുടെ രാജിയുണ്ടായി. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം അഹമദാബാദിലുണ്ടായപ്പോള്‍ ആരും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ മാതൃകയാക്കിയില്ല. ആരും ആരുടെയും രാജി ആവശ്യപ്പെട്ടതുമില്ല.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വി എന്‍ വാസവന്റെ സ്വകാര്യ ആശുപത്രിയാണ്. കരതലാമലകംപോലെ ആശുപത്രിയും പരിസരവും അദ്ദേഹത്തിന് പരിചിതമാണ്. അപകടമുണ്ടായപ്പോള്‍ സ്‌പോട്ടില്‍ ആദ്യമെത്തിയ മന്ത്രി വാസവനായിരുന്നു. വീണയില്‍ ആരോപിക്കുന്ന ഉത്തരവാദിത്വം പകുത്ത് പകുതി വാസവനു നല്‍കേണ്ടതാണ്. പക്ഷേ വാസവനെ മാധ്യമങ്ങള്‍ വെറുതെ വിട്ടു. സര്‍ക്കാരിന്റെ കെട്ടിടം വീണാല്‍ ഉത്തരവാദിത്വം മരാമത്ത് വകുപ്പിനാണ്. ആരും ഒരു വിരലും അങ്ങോട്ട് ചൂണ്ടിയില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ചോദ്യങ്ങള്‍ ഉണ്ടായില്ല. കെട്ടിടം തകര്‍ന്നു വീണാല്‍ ആദ്യമെത്തി രക്ഷാപ്രവര്‍ത്തനവും തെരച്ചിലും നടത്തേണ്ടത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്ന സംവിധാനമാണ്. ആ അടിയന്തരപ്രവര്‍ത്തനത്തിനു ബാധകമായ പ്രോട്ടോക്കോളുണ്ട്. അതിനു ചുമതലയുള്ള മന്ത്രിയുണ്ട്. അവിടെയെങ്ങും ആരും ഉത്തരവാദികളെ തെരഞ്ഞില്ല. ആരുടെയും രാജി ആവശ്യപ്പെട്ടതുമില്ല. അവര്‍ക്കു വേണ്ടത് വീണയെ ആണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ടാണ് വീണ പ്രശ്‌നമാകുന്നതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന സംയുക്ത പ്രതിപക്ഷത്തിനും വീണയുടെ രാജി ആവശ്യമുണ്ട്. അതിന്റെ കാരണം രാഷ്ട്രീയമാണ്. ന്യായമായ ആര്‍പ്പുവിളിയാണ് ആര്‍പ്പൂക്കരയില്‍ പ്രതിപക്ഷം നടത്തുന്നതെങ്കില്‍ അവര്‍ ആവശ്യപ്പെടേണ്ടത് ജില്ലാ കലക്ടറുടെ രാജിയാണ്. എന്റെ നിലപാടുകള്‍ സദുദ്ദേശ്യപ്രേരിതമായതിനാല്‍ ഞാന്‍ ആരുടെയും രാജി ആവശ്യപ്പെടുന്നില്ല. രാജിയല്ല പ്രവര്‍ത്തനമാണ് മന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിന്റെ കണ്ണില്‍ ചാനല്‍ക്കോലുകൊണ്ട് അലക്ഷ്യമായി കുത്തി ബൈറ്റിനുവേണ്ടി പായുന്ന ചാനല്‍ കുമാരന്മാര്‍ക്കും കുമാരിമാര്‍ക്കുമുള്ളത് സ്വന്തം താത്പര്യങ്ങള്‍ മാത്രമാണ്. മോഹന്‍ലാലിന്റെ കണ്ണിന്റെ മൂല്യം ഞാന്‍ കണക്കുകൂട്ടി പറയേണ്ടല്ലോ. ആരോടും എങ്ങനെയും എവ്വിധവും ചോദ്യങ്ങള്‍ ചോദിക്കാമെന്നത് അസ്വീകാര്യമായ മാധ്യമപ്രവര്‍ത്തനമാണ്. അപകടവിവരമറിഞ്ഞ് പാഞ്ഞെത്തിയ മന്ത്രിമാര്‍ക്കുനേരേ മൈക്ക് നീട്ടി എന്തോ പറയിപ്പിച്ച മാധ്യമപ്രവര്‍ത്തകരാണ് പ്രതിപക്ഷത്തിന് മുതലെടുപ്പിനുള്ള ബൈറ്റിട്ടുകൊടുത്തത്.
ഡോ. ടി കെ ജയകുമാറാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സൂപ്രണ്ട്. ലോകപ്രശസ്തനായ ഭിഷഗ്വരനാണ് ജയകുമാര്‍. ചികിത്സാവൈദഗ്ധ്യം മാത്രമല്ല മനുഷ്യപ്പറ്റുമുള്ള ഡോക്ടറാണ് അദ്ദേഹം. അപകടത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. സമ്മര്‍ദത്തിന്റെ ശക്തിയില്‍ അദ്ദേഹം
രാജിവച്ചുപോയാലോ? പ്രതിഷേധിക്കുന്നവരുടെ ആവശ്യം അതാണ്. ജയകുമാറിനെ ഏതാശുപത്രിയും രണ്ടു കൈയും നീട്ടി സ്വീകരിക്കും. നഷ്ടം മെഡിക്കല്‍ കോളജിലെത്തുന്ന പാവങ്ങള്‍ക്കായിരിക്കും. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ ആവശ്യവും അതുതന്നെയാണ്. നിലവാരത്തകര്‍ച്ചയും അരക്ഷിതാവസ്ഥയും ആരോപിച്ച് പൊതുജനാരോഗ്യസംരക്ഷണത്തിലെ പൊതുമേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള കുത്സിതശ്രമമാണ് വീണാ ജോര്‍ജിന്റെ കോലം കത്തിച്ചുകൊണ്ട് തെരുവില്‍ നടക്കുന്നത്. ഇവര്‍ ആരുടെ പിണിയാളുകളും ഏജന്റുമാരും ആണെന്ന് തിരിച്ചറിയണം. പൊതുമേഖലയില്‍ ജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യപരിപാലനം നല്‍കുന്നവരെ പഴിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ വല്ലപ്പോഴും അത്തരം സ്ഥാപനങ്ങളില്‍ ഒന്ന് കയറിയിറങ്ങിപ്പോകണം.
Read more
വീണാ ജോര്‍ജിന്റെ വീഴ്ചകള്‍ കാണാതെയോ കണ്ടതു മറച്ചുവച്ചുകൊണ്ടോ അല്ല ഞാന്‍ അവര്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കുന്നത്. വീഴ്ചകള്‍ തന്റേതല്ല സിസ്റ്റത്തിന്‍േറതാണെന്ന് ആരോഗ്യമന്ത്രി പറയുന്നു. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ന്യായീകരണമാണത്. പഴിക്കേണ്ടത് നക്ഷത്രങ്ങളെയല്ല നമ്മെത്തന്നെയാണെന്ന് ജൂലിയസ് സീസറില്‍ ഷേക്‌സ്പിയറുടെ കഥാപാത്രം കാഷ്യസ് പറയുന്നത് കോളജില്‍ വീണ വായിച്ചിട്ടുണ്ടാകണം. സിസ്റ്റത്തെ പഴിക്കുകയല്ല,? നന്നാക്കിയെടുക്കുകയെന്നതാണ് മന്ത്രിയുടെ ഉത്തരവാദിത്വം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായതിനെത്തുടര്‍ന്ന് നൂറു കണക്കിനു രോഗികളെ ഒഴിപ്പിക്കേണ്ടിവന്നത് അടുത്ത കാലത്താണ്. മെഡിക്കല്‍ കോളജ് ആശുപത്രികളുടെ ജീവനാഡികളായി പ്രവര്‍ത്തിക്കേണ്ട ആശുപത്രി വികസന സമിതികള്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല,? അഴിമതിയുടെ സാധ്യതകള്‍ കണ്ടെത്തുന്ന സമിതികളായി മാറിയിരിക്കുന്നു. സംഭവങ്ങളില്‍നിന്ന് പാഠം പഠിച്ച് കാര്യങ്ങള്‍ നന്നാക്കാനുള്ള അവസരമാണ് വീണയ്ക്ക് നല്‍കേണ്ടത്. നന്നാകുന്നില്ലെങ്കില്‍ സിസ്റ്റത്തെ നന്നാക്കുന്നതിനുള്ള വോട്ട് അടുത്ത വര്‍ഷമുണ്ടാകും. അതുവരെ സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസ് അവരെ കുളിപ്പിച്ചുകൊണ്ടിരിക്കണമെന്നുണ്ടോ? തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡ് ഒരിക്കല്‍ തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അടുത്ത തിരഞ്ഞെടുപ്പില്‍ നമുക്ക് വിഷയമാക്കാം. അത് ഹിതപരിശോധനയായി കാണാമെങ്കില്‍ ജനങ്ങളുടെ വോട്ട് മെഡിക്കല്‍ കോളജിനായിരിക്കും. അവര്‍ക്ക് നല്ല ചികിത്സ ലഭിക്കുന്ന സിസ്റ്റത്തിന്റെ പ്രതീകമായ ആശുപത്രിക്കായിരിക്കും അവരുടെ വോട്ട്. വീണയോടുള്ള വിപ്രതിപത്തി സിസ്റ്റത്തിന്റെ തകര്‍ച്ചയ്ക്കുള്ള പ്രചരണായുധമാക്കരുത്.