പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയെ പ്രതിപക്ഷം ഇനിയും തുറന്നുകാണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിന് സാധിക്കില്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ കൊവിഡ് രോഗികളെ രക്ഷിക്കാൻ യുഡിഎഫ് ശ്രമിച്ചപ്പോൾ മരണത്തിന്റെ വ്യാപാരികൾ എന്നാണ് സിപിഐഎമ്മും ദേശാഭിമാനിയും തങ്ങളെ വിളിച്ചതെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരായ എഡിറ്റോറിയൽ ലേഖനത്തിൽ സിപിഐഎമ്മിനെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയെയും വിമർശിച്ചാണ് വി ഡി സതീശൻ രംഗത്തെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് അപകട സമയത്ത് രണ്ട് മന്ത്രിമാരും രക്ഷാപ്രവർത്തനത്തിന് പകരം അവിടെനിന്ന് പ്രസംഗിക്കുകയായിരുന്നു. ചാണ്ടി ഉമ്മൻ വന്നതിന് ശേഷമാണ് അവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. സിപിഐഎമ്മാണ് യഥാർത്ഥത്തിൽ മരണത്തിന്റെ വ്യാപാരികൾ എന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം സർക്കാരിന്റെ കെടുകാര്യസ്ഥതയെ പ്രതിപക്ഷം ഇനിയും തുറന്നുകാണിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കൊവിഡ് കാലത്ത് തുടങ്ങിയതാണ് ഈ സർക്കാരിന്റെ വേഷംകെട്ട്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് സർക്കാർ. കേരളമാണ് ഏറ്റവും നന്നായി വൈറസിനെ പ്രതിരോധിച്ച സംസ്ഥാനമെന്ന് പി ആർ നടത്തി. അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കോട്ടയത്ത് നടന്നത്. അത് തുറന്നുപറയുക തന്നെ പ്രതിപക്ഷം ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.







