സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു

 

സംസ്ഥാനത്ത് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചത് ഒമ്പത് പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്തനംതിട്ട, തൃശ്ശൂർ, കാസർഗോട് ജില്ലകളിൽ ഓരോരുത്തർക്കും, കണ്ണൂരിൽ നാല് പേർക്കും, ആലപ്പുഴയിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചിട്ടിുണ്ട്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ് അസുഖമുണ്ടായത്.

ഏതാനും ദിവസങ്ങളായി ആശ്വാസത്തിന്റെ സൂചനകളാണ് ഉള്ളതെന്നും. കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലും പാലക്കാട്ടും കോവിഡ്-19 ക്യാമ്പുകൾ അവസാനിപ്പിച്ചു. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ തീരുമാനം കാത്തിരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.