'സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ല'; ഇഡിക്ക് ഹൈക്കോടതി നിർദേശം

കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന്‌ ആശ്വാസം. തോമസ് ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ച ഇ ഡി നടപടിയെ ചോദ്യംചെയ്‌ത്‌ തോമസ് ഐസക് നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെങ്കിലും രേഖകൾ പരിശോധിച്ചതിൽ നിന്ന് ചില വിശദീകരണം ആവശ്യമാണെന്ന് കോടതി പറഞ്ഞു. അതേസമയംചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.

ഇഡിക്ക് മുന്നിൽ ഹാജരാകാൻ ബാധ്യതയില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. എന്നാൽ ചില ഇടപാടുകൾക്ക് വിശദീകരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യൽ ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങൾ ഇഡിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.