ബി.ജെ.പിയുടെ 'ആളെച്ചേര്‍ക്കല്‍' പരിപാടി ചീറ്റിയപ്പോള്‍ നേതാവിന്റെ പതിനെട്ടാം അടവ്; 'മാഡത്തിന് ഒന്നും പറയാനില്ല' ; ബി.ജെ.പിയുടെ നാടകം പൊളിഞ്ഞത് ഇങ്ങിനെ

എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനെ ഒന്നുകൂടി ഞെട്ടിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. അതിനായുള്ള പോംവഴി ശ്രീധരന്‍പിള്ളയും സംഘവും കണ്ടെത്തിയത് ശശി തരൂരിന്റെ അടുത്ത ബന്ധുക്കളിലേക്ക്. പണ്ടെ ബിജെപിക്കാരായിരുന്ന ഇവരെ ഒരു തവണ കൂടി ബിജെപിക്കാരാക്കി കോണ്‍ഗ്രസിനെ ഞെട്ടിപ്പിക്കാന്‍ നാടകവും തയ്യാറാക്കി. അതിനായി ചുമതലപ്പെടുത്തിയത് മഹിളാ മോര്‍ച്ച നേതാവ് പത്മജയെയും.

കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. ശ്രീധരന്‍പിള്ളയും മറ്റു ബിജെപി നേതാക്കളും “പുതിയ” അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ച നിലവിലെ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ മാതൃസഹോദരി ശോഭന ഇവരുടെ ഭര്‍ത്താവ് ശശികുമാര്‍ തുടങ്ങി പത്ത് പേര്‍ക്കാണ് കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ വലിയ ആഘോഷത്തോടെ നടത്തിയ ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അംഗത്വം നല്‍കിയത്.

ബിജെപി ഷാളണിയിച്ച് ശോഭനയെയും ശശികുമാറിനെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത ശ്രീധരന്‍പിള്ള ഇനിയും ഇതുപോലുള്ള നിരവധിയാളുകള്‍ ബിജെപിയിലേക്ക് വരുമെന്നും ഒരു കൂസലുമില്ലാതെ പറയുകയും ചെയ്തു. ടോം വടക്കന്‍ പോയ “ആഘാതം” മാറും മുമ്പെ കോണ്‍ഗ്രസിനെ ഒന്നുകൂടി ഇരുത്തുക എന്നായിരുന്നു ബിജെപിയുടെ ലക്ഷ്യം.

എന്നാല്‍, ചടങ്ങ് കഴിഞ്ഞ് ശോഭനയും ശശികുമാറും പുറത്തിറങ്ങും വരെയായിരുന്നു ബിജെപിയുടെ നാടകത്തില്‍ തിരക്കഥ. ഇവര്‍ പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടതോടെ തിരക്കഥയും നാടകവും ഒരു പോലെ തകര്‍ന്നു തരിപ്പണമായി. പാര്‍ട്ടിയിലേക്ക് ഇവരെ സ്വീകരിക്കാനെത്തിയ ശ്രീധരന്‍പിള്ള സ്വാഗതം ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ ചൂടാറും മുമ്പാണ് കള്ളി വെളിച്ചത്തായത്.

തങ്ങള്‍ പണ്ടേ ബിജെപിക്കാരാണെന്നും ഇപ്പോള്‍ ഇങ്ങിനെയൊരു ചടങ്ങ് അറിയില്ലെന്നും അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന പറഞ്ഞു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ, ചടങ്ങിന്റെ ഉദ്ദേശം പൊളിയുക മാത്രമല്ല അത് തിരിച്ചടിയാവുകയും ചെയ്തു.

ഇവര്‍ പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭയത്തില്‍ പത്മജ “മാഡത്തിന് ഒന്നും പറയാനില്ല” എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുന്നിലേക്ക് ഇവരെ തടഞ്ഞ് എടുത്തുചാടി. ഇതോടെ, ബിജെപി ചടങ്ങ് നടത്തിയത് നാടകമാണെന്ന് തെളിയുകയും ചെയ്തു.