ശശി തരൂരിന് അനുകൂലമായി വോട്ടു ചോര്‍ച്ചയുണ്ടാകരുത്, പി.സി.സികള്‍ക്ക് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം

ശശി തരൂരിന് വിവിധ മേഖലകളില്‍ നിന്നും ലഭിക്കുന്ന അഭൂതപൂര്‍വ്വമായ പ്രതികരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്തആശങ്ക. ഇതോടെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന് അനുകൂലമായി വോട്ടു ചോര്‍ച്ചയുണ്ടാകാന്‍ പാടില്ലന്ന് പി സി സി കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തരൂര്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ ചെല്ലുന്ന സംസ്ഥാനങ്ങളിലൊക്കെ വലിയ തോതിലുള്ള സ്വീകരണങ്ങളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

വളരെ സീനിയറായ പ്രമുഖ നേതാക്കളോട് മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് അനുകൂലമായി പ്രസ്താവനകളിറക്കാന്‍ ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഖാര്‍ഗെയെ പിന്തുണക്കുന്ന കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലന്നും നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥി ഖാര്‍ഗെ ആയിരിക്കുമെന്നും കൃത്യമായ സൂചനകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. അത് കൊണ്ടാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് അനുകൂലമായി പ്രസ്താവനകളിറക്കാന്‍ നിര്‍ബന്ധിതനായത്. ആദ്യം ശശി തരൂരിനോട് ആഭിമുഖ്യം പുലര്‍ത്തിയ നേതാവായിരുന്നു കെ സുധാകരന്‍

തരൂരിന് പിന്തുണ പ്രഖ്യാപിച്ച യുവ നേതാക്കളെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് പരോക്ഷമായി പിന്തിരിപ്പിക്കുന്നുണ്ട്. ആദ്യം ശശിതരൂരിന് പിന്തുണ പ്രഖ്യാപിച്ച ശബരീനാഥനും, ഹൈബി ഈഡനുമൊക്കെ പിന്നീട് നിശ്ബദരായതും അത് കൊണ്ടാണ്. ഖാര്‍ഗെയും തരൂരും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരമുണ്ടായാല്‍ പോലും നെഹ്‌റു കുടുംബത്തിന് അത് വലിയ തിരച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍