'അറിയാതെ എടുത്തുപോയതാണ്, മന:സമാധാനമില്ല'; മാല വിറ്റ പണവും മാപ്പപേക്ഷയും വീട്ടിലെത്തിച്ച് മോഷ്ടാവ്, കൗതുകമായി 'മാനസാന്തരപ്പെട്ട കള്ളൻ'

മൂന്ന് വയസുകാരിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളന് മാനസാന്തരം. ‘മാനസാന്തരപ്പെട്ട കള്ളൻ’ മാലയ്ക്ക് പകരം ക്ഷമാപണക്കുറിപ്പു സഹിതം പണം വീട്ടിലെത്തിച്ചു. പാലക്കാട് കുമാരനെല്ലൂരാണ് സംഭവം. മോഷണത്തിന് ശേഷം ഒരു മന:സമാധാനവും ഇല്ലെന്നാണ് കള്ളന്റെ കുറിപ്പ്.

കുമരനെല്ലൂർ എജെബി സ്കൂളിനു സമീപം താമസിക്കുന്ന മുണ്ട്രേട്ട് കുഞ്ഞാന്റെ പേരമകൾ മൂന്നു വയസുകാരി ഹവ്വയുടെ ഒന്നേകാൽ പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 19 നായിരുന്നു സംഭവം. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴെല്ലാം മാല കഴുത്തിൽ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. പിന്നീട് മാല കാണാതായി.

റോഡരികിലാണ് ഇവരുടെ വീട്. മാല നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടുകാർ തിരച്ചിൽ നടത്തുകയും ആളുകളോട് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ കണ്ടെത്താനായില്ല. പിന്നീട് രണ്ടു ദിവസത്തിനു ശേഷമാണ് ക്ഷമാപണക്കുറിപ്പു സഹിതം 52,500 രൂപ വീടിനു പിറകിലെ വർക്ക് ഏരിയയിൽ നിന്ന് കിട്ടുന്നത്.

‘എന്നോട് ക്ഷമിക്കണം. അറിയാതെ എടുത്തു പോയതാണ്. വിൽക്കുകയും ചെയ്തു. അതിന്റെ ശേഷം ഒരു മനസമാധനവും ഇല്ല. നിങ്ങൾ തിരയുന്നത് കണ്ടിരുന്നു. വിറ്റ പൈസ മുഴുവൻ ഇതിലുണ്ട്. മനസറിഞ്ഞ് ക്ഷമിക്കണം’- എന്നായിരുന്നു കുറിപ്പ്. മാല കിട്ടിയില്ലെങ്കിലും തുക കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.