കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം ചേര്‍ത്തു; സന്തോഷം പങ്കുവെച്ച് മന്ത്രി

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനത്തില്‍ നിന്ന് കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം വിട്ടു. നിലമ്പൂര്‍ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കൂട്ടം തെറ്റിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കാട്ടാനക്കുട്ടിയെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് കാട്ടാനക്കൂട്ടത്തോടൊപ്പം ചേര്‍ത്തത്. ഇതിന്റെ സന്തോഷം മന്ത്രി എകെ ശശീന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

മന്ത്രിയുടെ കുറിപ്പ്..

ലോക ഗജ ദിനമായ ഇന്ന് കൂട്ടംതെറ്റി ഒറ്റപ്പെട്ട കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നിലമ്പൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. നിലമ്പൂര്‍ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കൂട്ടം തെറ്റിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കാട്ടാനക്കുട്ടിയെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് കാട്ടാനക്കൂട്ടത്തോടൊപ്പം ചേര്‍ത്തിരിക്കുയാണ്.

10.08.2022-ന് രാവിലെയാണ് ഏകദേശം മൂന്നുനാല് മാസം പ്രായമായ കാട്ടാനക്കുട്ടിയെ നെടുങ്കയം ഐ.ബി കോമ്പൗണ്ടില്‍ കണ്ടെത്തിയത്. അവിടെ നിന്നും കാനേകര ഭാഗത്തേക്ക് പോയ കാട്ടാനക്കുട്ടി രാത്രി 8.30 ഓടെ ചെറുപുഴ വളയംകുണ്ടിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് എത്തിപ്പെടുകയായിരുന്നു. ഇവിടെ നിന്നും വനം വകുപ്പ് അധികൃതര്‍ പിടികൂടി ചെറുപുഴ തേക്കുതോട്ടത്തിനു സമീപം കാട്ടാനക്കൂട്ടത്തോടൊപ്പം ചേരുന്നതിനായി ഇറക്കി വിട്ടെങ്കിലും വീണ്ടും കൂട്ടം തെറ്റി പിറ്റേദിവസം പുലര്‍ച്ചെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ജനവാസ മേഖലയില്‍ എത്തിപ്പെട്ടു.

വീണ്ടും പലതവണ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും തിരികെ ഇറങ്ങുകയായിരുന്നു. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെയോടെയാണ് കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാനായത്.