വില്ലനായത് അല്‍ഫാമും കുഴിമന്തിയും; വര്‍ക്കലയിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ അല്‍ഫാമും കുഴിമന്തിയും കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വര്‍ക്കല ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിലായത്. ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ആഹാരം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റവരെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചികിത്സയിലാണ്. ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ ഉള്‍പ്പെടെ 21 പേര്‍ ചികിത്സയിലുണ്ട്. അല്‍ഫാമും കുഴിമന്തിയും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

സംഭവത്തിന് പിന്നാലെ വര്‍ക്കല നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിനെതിരെയുള്ള പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ സീല്‍ ചെയ്തു. ചികിത്സയില്‍ തുടരുന്നവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.