'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റത് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയത് കൊണ്ട്, ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കില്‍ ഭരണം കിട്ടിയേനെ: ജി. സുകുമാരന്‍ നായര്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തോല്‍ക്കാന്‍ കാരണം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് കൊണ്ടാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായര്‍. മറിച്ച് ഉമ്മന്‍ചാണ്ടിയായിരുന്നു യു ഡി എഫിന്റെ മുഖ്യമന്ത്രി മുഖമെങ്കില്‍ യു ഡി എഫ് അധികാരത്തില്‍ വരുമായിരുന്നെന്നും ജി സുകുമാരന്‍ നായര്‍ ‘ ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് ‘ നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ന്യുനപക്ഷവോട്ടുകളാണ് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും കോണ്‍ഗ്രസിനെയും എക്കാലവും അധികാരത്തിലേറ്റിയിരുന്നത്. ഇത്തവണ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് വന്നപ്പോള്‍ അത് നഷ്ടപ്പെട്ടു അതേ സമയം ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ യു ഡി എഫ് വിജയിക്കുമായിരുന്നു.

രമേശ് ചെന്നിത്തലയെ താക്കോല്‍സ്ഥാനത്ത് ഇരുത്തണമെന്ന് താന്‍ പറഞ്ഞുവെന്നത് ശരിയാണ്. അത് മുസ്‌ളീമിന്റെ പേരില്‍ അഞ്ചാം മന്ത്രി സ്ഥാനം ലീഗ് ചോദിച്ചുവാങ്ങുന്ന രാഷ്ട്രീയ സാഹചര്യമുണ്ടായപ്പോഴാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളയാളാണ് ശശി തരൂര്‍ എന്നാല്‍ കോണ്‍ഗ്രസില്‍ ഉള്ളവര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമല്ലന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.