കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല; കെ- റെയിലിന്റെ വാദം തള്ളി മന്ത്രി കെ. രാജന്‍

സില്‍വര്‍ ലൈനിന് കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പാണെന്ന കെ റെയിലിന്റെ അവകാശവാദങ്ങള്‍ മന്ത്രി തള്ളി. എല്ലാ പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കുന്നത് ഏജന്‍സിയുടെ ആവശ്യപ്രകാരമാണ്.

കെ റെയിലിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തരഹിതമായ അഭിപ്രായം പറയുമെന്ന് കരുതുന്നില്ല. അങ്ങനെ ഉണ്ടായാല്‍ അവരുടെ നിലവാരത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥന്മാര്‍ അതിന് മറുപടി കൊടുക്കുമെന്നും കെ രാജന്‍ പറഞ്ഞു.

കേരളത്തിലെ ഭൂ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഏതെങ്കിലും ഒരു പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത് കൊടുക്കണമെങ്കില്‍ അതിന്റെ ഉത്തരവാദിത്തമുള്ളത് റവന്യൂ വകുപ്പിനാണ്. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാരിന് വേണ്ടി നിര്‍വ്വഹിക്കാന്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പാണ്.

Read more

നിലവില്‍ നടക്കുന്നത് സാമൂഹിക ആഘാത പഠനമാണ്. അത് നടത്താനായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കേണ്ടി വരും. സാമൂഹിക ആഘാത പഠനം പദ്ധതിക്ക് എതിരായാല്‍ കല്ലുകള്‍ മാറ്റും. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് പരമാവധി ബുദ്ധിമുട്ട് കുറച്ച്, പരിസ്ഥിതിക്ക് ആഘാതമുണ്ടാകാതെയാണ് സ്ഥലമെടുപ്പുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.