IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫൈനല്‍ കളിക്കുമെന്ന് കരുതുന്ന രണ്ട് ടീമുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി പ്ലേഓഫില്‍ പ്രവേശിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയുമാണ് ഐപിഎല്‍ ഫൈനലിസ്റ്റുകളായി ഹര്‍ഭജന്‍ തിരഞ്ഞെടുത്തത്.

ആര്‍സിബിയും കെകെആറും ഫൈനല്‍ കളിക്കുമെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ സംഭവിച്ചാല്‍ കോഹ്ലിയും ഗംഭീറും മുഖാമുഖം വരും. ആര്‍സിബിക്ക് ഈ പോയിന്റ് മുതല്‍ ട്രോഫി നേടാനാകും. ഓരോ റണ്ണിനും വേണ്ടി അവര്‍ കഠിനമായി പൊരുതി. ഈ ഊര്‍ജത്തില്‍ കളിച്ചാല്‍ ഈ ടീമിനെ തടയുക ബുദ്ധിമുട്ടാണ്- ഹര്‍ഭജന്‍ സിംഗ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സീസണിന്റെ തുടക്കത്തില്‍ തുടര്‍ തോല്‍വികള്‍ സഹിച്ച ആര്‍സിബി നിലവില്‍ ആറ് വിജയങ്ങളുമായി കുതിക്കുകയാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 27 റണ്‍സിന് തോല്‍പ്പിച്ചിച്ച് അവര്‍ കണക്കുകളിലെ സാധ്യതകളെപോലും അമ്പരപ്പിക്കുകയും പ്ലേ ഓഫിനുള്ള ടിക്കറ്റ് പഞ്ച് ചെയ്യുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സ്, ടേബിള്‍ ടോപ്പര്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്ക് ശേഷം പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന നാലാമത്തെ ടീമായി ചലഞ്ചേഴ്സ് മാറി. ഇതോടെ ഒരു സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഏക ജയം നേടിയതിന് ശേഷം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ആര്‍സിബി.