ഭീഷണിയായി ചെള്ളുപനിയും; രോഗബാധിതരുടെ എണ്ണം കൂടുന്നു, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയ്ക്കു പിന്നാലെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. ജൂലൈ ഇതുവരെ 88 പേര്‍ക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ജൂണില്‍ 36 പേര്‍ക്കും മേയില്‍ 29 പേര്‍ക്കുമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു.

പുല്ലുകള്‍, ചെടി എന്നിവയുമായി കൂടുതല്‍ സമ്പര്‍ക്കമുണ്ടാകുന്ന കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് രോഗംബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്). എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കള്‍ പൊതുവെ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ നിന്നല്ല, അവയുടെ ശരീരത്തിലടക്കം കാണുന്ന ചെള്ള് വര്‍ഗത്തില്‍പ്പെട്ട ചെറു പ്രാണികളുടെ ലാര്‍വ (ചിഗ്ഗര്‍ മൈറ്റ്) കടിക്കുന്നതു വഴിയാണ് മനുഷ്യരിലേക്കു രോഗം പകരുന്നത്.

ലക്ഷണങ്ങള്‍

ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാവും. കടിച്ച ഭാഗം തുടക്കത്തില്‍ ചുവന്നു തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യും. കക്ഷം,കാലിന്റെ മടക്ക്, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്.

വിറയലോടു കൂടിയ പനി, തലവേദന, കണ്ണില്‍ ചുമപ്പ് നിറം, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങള്‍. ചുരുക്കം പേരില്‍ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും.

പ്രതിരോധം

നേരത്തെ കണ്ടെത്തിയാല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. രോഗം പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. സാധാരണ പുല്‍നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.

കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കുന്നതാണ് ഉചിതം. പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടു വെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം വൃത്തിയാക്കണം. വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്നതും ഒഴിവാക്കാം. രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയുറയും കാലുറയും ധരിക്കുക.

Read more