പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; അമ്മയ്ക്ക് നഗരസഭയില്‍ ജോലി നല്‍കിയതായി മേയറുടെ  അറിയിപ്പ് 

പട്ടിണി മൂലം നാല് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭയില്‍ താത്കാലിക ജോലി ലഭിച്ചു. ശുചീകരണ വിഭാഗത്തിലാണ് ജോലി ലഭിച്ചിരിക്കുന്നത്. ജോലി നല്‍കിയതായുള്ള അറിയിപ്പ് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ യുവതിക്ക് കൈമാറി.

ഇന്നലെയാണ് യുവതിയുടെയും ആറ് മക്കളുടെയും ദുരിതജീവിതം മാധ്യമവാര്‍ത്തയിലൂടെ പുറംലോകം അറിഞ്ഞത്. തുടര്‍ന്നാണ്, യുവതിക്ക് നഗരസഭയില്‍ ജോലി നല്‍കാമെന്ന് മേയര്‍ വാഗ്‍ദാനം ചെയ്തത്. യുവതിക്കും കുടുംബത്തിനും താമസിക്കാന്‍ നഗരസഭയുടെ ഫ്ലാറ്റുകളിലൊന്ന് നല്‍കാമെന്നും മേയര്‍ പറഞ്ഞിരുന്നു. ശിശുക്ഷേമ സമിതിയിലുള്ള നാലു കുട്ടികളെ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കി.