മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള കേസുകളില്‍ ലോകായുക്ത വിധി പറയും

ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അസാധുവായതോടെ മുഖ്യമന്ത്രിക്കും, മന്ത്രമാര്‍്ക്കുമെതിരായ കേസില്‍ ലോകായുക്ത വിധികള്‍ പുറപ്പെടുവിക്കാനൊരുങ്ങുകയാണ്. മുന്‍ എം എല്‍ എ മാരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ സഹായം നല്‍കിയെതിനെതിരെ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ നല്‍കിയ കേസിലാണ് വിധി വരാന്‍ പോകുന്നത്്. ഓര്‍ഡിനന്‍സ് അസാധുവായതോടെ ഭേദഗതിക്ക് മുമ്പുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിയിക്കപ്പെട്ടാല്‍ അവര്‍ക്ക് ഔദ്യോഗിക പദവി വഹിക്കാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാന്‍ കഴിയും.

സ്വജനപക്ഷപാതക്കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെടി ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് അസാധുവായി. ഈ ഓര്‍ഡിനന്‍സുകള്‍ ഇനി ബില്ലുകളായി നിയമസഭയില്‍ അവതരിപ്പിക്കേണ്ടിവരും. ഇതിനായി ഓഗസ്റ്റ് 22ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസില്‍ വിധിയുണ്ടായാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാകും. മാര്‍ച്ചില്‍ ദുരിതാശ്വാസ നിധി കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിവെച്ചു. വിചാരണ നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്‍ എം.എല്‍.എമാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ സഹായം അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയത്.