പൊലീസിന്റെ മൂന്നാംമുറയില്‍ കാലിന് പൊട്ടലെന്ന് ജവാന്‍; 301 ലൈറ്റ് റെജിമെന്റില്‍ നിന്ന് സന്ദേശം; സൈനികന് വേണ്ടി ഇന്ത്യന്‍ ആര്‍മിയെത്തി

പൊലീസ് മര്‍ദ്ദനത്തില്‍ കാലിന് പൊട്ടലുണ്ടായെന്ന പരാതി നല്‍കിയ ജവാനെ സൈനികാശുപത്രിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ ഇഎംഇ വിഭാഗത്തിലെ സൈനികന്‍ പുല്‍പ്പള്ളി സ്വദേശി അജിത്തിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ സൈനികാശുപത്രിയിലേക്ക് മാറ്റിയത്.

പുല്‍പ്പള്ളി ക്ഷേത്രത്തിലെ സീതാദേവി-ലവകുശ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബൈക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് അജിത്തും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് പൊലീസ് സൈനികനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായാണ് പരാതി.

സൈനികന്റെ ബന്ധുക്കള്‍ 301 ലൈറ്റ് റെജിമെന്റില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സൈന്യം ഇടപെടുകയായിരുന്നു. അതേസമയം പൊലീസ് സൈനികന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അജിത്തിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയതെന്നും ആ സമയം ആരുടെയെങ്കിലും ചവിട്ട് കൊണ്ട് കാലിന് പരിക്കേറ്റതാകാമെന്നുമാണ് പൊലീസിന്റെ വാദം.