ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചകളോട് സഹകരിക്കാന്‍ തയ്യാറാകണം; യാക്കോബായ സഭ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചു

യാക്കോബായ സഭ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനമായത്. മൃതദേഹം സംസ്‌കരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചകളോട് സഹകരിക്കാന്‍ തയ്യാറാകണമെന്നും യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി.

മൃതദേഹം സംസ്‌കരിക്കുന്നത് അടക്കം വിവിധ ആവശ്യങ്ങളുയര്‍ത്തി കഴിഞ്ഞ മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന സമരമാണ് യാക്കോബായ സഭ അവസാനിപ്പിച്ചത്. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം കാരണം കട്ടച്ചിറ പള്ളിയില്‍ 37 ദിവസം സൂക്ഷിച്ചിരുന്ന സഭാംഗത്തിന്റെ മൃതദേഹം പൊലീസ് കാവലില്‍ സംസ്‌കരിക്കാനയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

മുഖ്യമന്ത്രിയുമായി യാക്കോബായ സഭാ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സഭാ മെത്രോപോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസാണ് സമരം അവസാനിപ്പിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.