മിഠായിയുണ്ടാക്കാന്‍ വസ്ത്രത്തിന് ഉപയോഗിക്കുന്ന കളര്‍, നിര്‍മ്മാണം നടക്കുന്ന മുറിക്ക് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്ന നിലയില്‍; നടപടി

വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി നിര്‍മിക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. കരുനാഗപ്പള്ളി പുതിയകാവിലെ ബോംബെ മിഠായി എന്ന പഞ്ഞിമിഠായി നിര്‍മ്മിക്കുന്ന കേന്ദ്രത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു മിഠായി നിര്‍മ്മാണം.

ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ മിഠായി നിര്‍മാണം പുരോഗമിക്കുകയായിരുന്നു. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറമായ റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്തായിരുന്നു മിഠായി നിര്‍മ്മിച്ചിരുന്നത്.

സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു. കെട്ടിട ഉടമ അലിയാര്‍കുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ ബീച്ചുകളില്‍ മിഠായി വിറ്റവരുള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ക്കുമെതിരേയാണ് കേസെടുത്തത്.

അഞ്ച് ചെറിയ മുറികളിലായാണ് ഇരുപതോളം അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന മുറിക്ക് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്ന നിലയിലാണെന്നും പരിശോധനയില്‍ കണ്ടെത്തി.