മാധ്യമപ്രവര്‍ത്തകന്റെ മരണം; കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ളത് ശ്രീറാമിന്റെ വിരലടയാളമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളമാണ് കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ളതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാറിന്റെ വാതിലില്‍ നനവുണ്ടായിരുന്നതിനാല്‍ കൃത്യമായ തെളിവുകള്‍ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്. ഫൊറന്‍സിക് പരിശോധനയ്ക്കായി വിദഗ്ധര്‍ എത്തുന്നതിന് മുമ്പ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് റദ്ദക്കിയിരുന്നു.

അതേസമയം  ബഷീറിന്റെ കാണാതായ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് അന്വേഷണ സഘം. മൊബൈലിന്റെ ഐ.എം.ഇ.എ നമ്പര്‍ ഉപയോഗിച്ച് അന്നേദിവസം മൊബൈല്‍ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും പ്രത്യേകം അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.

അപകടം കഴിഞ്ഞ 18 ദിവസം കഴിയുമ്പോഴും സംഭവസ്ഥലത്തു നിന്നും നഷ്ടപ്പെട്ട ബഷീറിന്റെ മൊബൈലിനെ കുറിച്ച് യാതൊരുവിധ തുമ്പും ലഭിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ബഷീറിന്റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ് രംഗത്തെത്തിയിരുന്നു. ബഷീറിന്റെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.