പൂര നഗരിയില്‍ ആന ഇടഞ്ഞു, മിനിറ്റുകള്‍ക്കുള്ളില്‍ തളച്ചു

തൃശൂര്‍ പൂരനഗരിയില്‍ ആന ഇടഞ്ഞു. ശ്രീമൂല സ്ഥാനത്തിന് സമീപം ഗണപതി അമ്പലത്തിന് അടുത്ത് വച്ച് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. കൊമ്പന്‍ മച്ചാട് ധര്‍മനാണ് ഇടഞ്ഞത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആനയെ തളച്ചു.

രാവിലെ ഏഴേ കാലോടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പ് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആന ഇടഞ്ഞത്. അല്‍പ സമയത്തേക്ക് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും കാല്‍ ചങ്ങലയില്‍ പൂട്ടിയിരുന്നതിനാല്‍ ആനയ്ക്ക് വേഗം കുറവായിരുന്നു. ശ്രീമൂലസ്ഥാനത്തിനടത്ത് വന്ന നിന്നപ്പോളേക്കും എലിഫന്റ് ടാസ്‌ക് ഫോഴ്സും പാപ്പാന്മാരും ചേര്‍ന്ന് തളയ്ക്കുകയായിരുന്നു.

ആന ആളുകളെ ഉപദ്രവിക്കുകയോ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. മച്ചാട് ധര്‍മനെ ഇനി എഴുന്നള്ളിച്ചേക്കില്ലെന്നാണ് വിവരം.