താമരശ്ശേരി ചുരത്തിലൂടെ ഡിക്കി തുറന്ന് യാത്ര: വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കി; പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം

താമരശ്ശേരി ചുരത്തിലൂടെ കാറില്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ വാഹന ഉടമ സഫീറിന്റെ ലൈസന്‍സ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് പേരാമ്പ്ര സ്വദേശി സഫീറിന്റെ ലൈസന്‍സ് റദ്ദാക്കിയത്. സഫീര്‍ രണ്ട് ദിവസം ഡ്രൈവിംഗ് പരിശീല ക്ലാസില്‍ പങ്കെടുക്കണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശിച്ചു.

കാറിന്റെ ഡിക്കി തുറന്നു വെച്ചും കാല്‍ പുറത്തേക്കിട്ടും യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. കാറില്‍ നിന്നും കാല്‍ പുറത്തേക്കിട്ട് ചുരത്തിലൂടെ ടിപ്പര്‍ ലോറി അടക്കമുള്ള വലിയ വാഹനങ്ങളെ നിമിഷങ്ങള്‍ക്കിടയില്‍ മറികടന്നാണ് യുവാക്കള്‍ സഞ്ചരിച്ചത്. സാഹസിക യാത്ര നടത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ പിന്നിലുണ്ടായിരുന്ന യാത്രക്കാരാണ് ഫോണില്‍ പകര്‍ത്തിയത്.

കാറിന്റെ ഉടമയാണ് സംഭവം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ന് ഉടമയുടെ ലൈസന്‍സ് റദ്ദാക്കിയത്.