'സച്ചിനും ധോണിയും കോഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിച്ചില്ല'; ഉറപ്പാണ് തോല്‍വി: ടി. സിദ്ദീഖ്

തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫിന്റേത് പെയ്മെന്റ് സീറ്റെന്ന ആരോപണവുമായി ടി. സിദ്ദീഖ് എം.എല്‍.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.സച്ചിനും ധോണിയും കോഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിക്കാത്തതിനാല്‍ വാലറ്റത്തെ പത്താം നമ്പര്‍ ബാറ്ററില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എല്‍.ഡി.എഫിനു അഭിവാദ്യങ്ങള്‍. ഉറപ്പാണ് പെയ്മെന്റ് സീറ്റ്. ഉറപ്പാണ് തോല്‍വി. അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്,’ ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ എഴുതി.

തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി ജയരാജന്‍ ഡോ. ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടി. സിദ്ദീഖിന്റെ പോസ്റ്റ്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാനം നടത്തിയത്.

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയാണ്. രാവിലെ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും നടന്നതിന് ശേഷമാണ് ഇടതുമുന്നണിയോഗം ചേര്‍ന്നത്.