പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ർ ആയി ടി അനൂജ ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാർ

പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ർ ചുമതലയേറ്റു. അടൂർ മാഞ്ഞാലി സ്വദേശിനി ടി അനൂജയാണ് ചുമതലയേറ്റത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാർ കൂടിയാണ് അനൂജ. പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻറെ ഡഫേദാറാണ് അനൂജ. ജില്ലയിലെ സീനിയർ ഓഫീസ് അറ്റൻഡറാണ് കലക്ടറുടെ ഡഫേദാർ.

20 വർഷമായി സർക്കാർ സർവീസിലുള്ള അനുജ അടൂർ റീസർവേ ഓഫീസിൽ ഓഫീസ് അറ്റൻഡർ ആയിരുന്നു. ഡഫേദാർ ജി ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് ഈ പദവിയിലേക്ക് അനൂജ എത്തിയത്. ആലപ്പുഴ കലക്ടറേറ്റിലെ കെ സിജിയാണ് കേരളത്തിലെ ആദ്യ വനിതാ ഡഫേദാർ.

ചേംബറിൽ കലക്ടർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക, സന്ദർശകരെ ചേംബറിലേക്ക് കടത്തിവിടുക, അവർക്കു വേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് ഡഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടർ ഓഫിസിലെത്തിയാൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഡഫേദാറും ഹാജരാകണം. അനൂജയുടെ ഭർത്താവ് വിനീഷും സർക്കാർ ഉദ്യോഗസ്ഥനാണ്.

Read more