കായികമേളയ്ക്കിടെ വീണ്ടും ഹാമര്‍ അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കായികളമേളയ്ക്കിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഹാമറിന്റെ കമ്പി പൊട്ടിയാണ് അപകടം. ഹാമര്‍ ദൂരേക്ക് തെറിച്ചു പോയെങ്കിലും കമ്പി വീണ് വിദ്യാര്‍ത്ഥിയുടെ കൈ വിരലിനും കാലിനും പരിക്കേല്‍ക്കുകയായിരുന്നു. മീഞ്ചന്ത രാമകൃഷ്ണ മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം. അഞ്ച് കിലോ തൂക്കമുള്ള ഹാമറിന് പകരം കുട്ടിക്ക് ആറ് കിലോ തൂക്കമുള്ള ഹാമറാണ് നല്‍കിയതെന്നും ഇത് ഉപയോഗിച്ച് പരിചയമില്ലാതിരുന്ന കുട്ടി അപകടത്തില്‍ പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടര്‍ന്ന് ആറ് കിലോയുടെ ഹാമര്‍ മാറ്റി അഞ്ചു കിലോയുടേത് തന്നെ എത്തിച്ചാണ് പിന്നീണ് മത്സരം തുടങ്ങിയത്.

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ കായികമേളയില്‍ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. തൊട്ടു പുറകെയാണ് വീണ്ടും അപകടമുണ്ടായത്. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സനാണ് മരിച്ചത്. ഇതേ തുടര്‍ന്ന് കായികമേളകളില്‍ അപകടം ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുമെന്ന് കായിക മന്ത്രി ഇ.പി ജയരാജനടക്കം പറഞ്ഞിരുന്നു.