ശ്രീനിവാസന്‍ വധം; നാല് പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധത്തില്‍ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്ദുള്‍ നാസര്‍, ഹനീഫ, മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെയും അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്.

മുഖ്യ ആസൂത്രകന്റെ തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ബാക്കിയുള്ളവരെ തെളിവെടുപ്പിനായി ബൈക്കുകള്‍ പൊളിച്ചു മാറ്റിയ പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരിലെ വര്‍ക്ക് ഷോപ്പില്‍ കൊണ്ടുപോയിരുന്നു. കേസില്‍ 20 പേരാണ് ഇതുവരെ അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കും.

3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ഏപ്രില്‍ 16നു മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതില്‍ 3 പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്.

പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.