സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് ബാധ വര്‍ദ്ധിക്കുന്നു; സ്ഥിതി ഗുരുതരം, എറണാകുളത്ത് അതീവ ജാഗ്രത

ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് ബാധ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ല അതീവ ജാഗ്രതയിലാണ്. രോഗവ്യാപനം കൂടിയ ചെല്ലാനത്ത് നിയന്ത്രണം കര്‍ശനമാണ്. രോഗവ്യാപനം തടയാനുളള എല്ലാ മാര്‍ഗവും സ്വീകരിക്കുകയാണ് അധികൃതര്‍.

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 528 കോവിഡ് കേസുകളില്‍ 168 പേരും ചെല്ലാനത്ത് നിന്നുളളവരാണ്. മുഴുവന്‍ പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നതാകട്ടെ സമ്പര്‍ക്കത്തിലൂടെയും. രോഗികളുടെ എണ്ണം കൂടിയതോടെ ആദ്യഘട്ടത്തില്‍ തന്നെ ചെല്ലാനം പഞ്ചായത്ത് മുഴുവനായി അടച്ചിരുന്നു. തീരദേശമായതിനാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചെല്ലാനത്തെ കോവിഡ് ക്ലസ്റ്ററാക്കി മാറ്റുകയും ചെയ്തു. ആദ്യഘട്ട ശുശ്രൂഷ നല്‍കുന്നതിനുളള സംവിധാനം ഒരുക്കുന്നതുള്‍പ്പെടെ ചെല്ലാനം കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്.

Read more

ദിവസേന ജില്ലയില്‍ നിന്ന് ആയിരത്തിലധികം പേരുടെ സ്രവപരിശോധനയാണ് നടക്കുന്നത്. ചെല്ലാനം, ആലുവ, കീഴ്മാട് തുടങ്ങിയ കോവിഡ് ക്ലസ്റ്ററുകളില്‍ നിന്നാണ് ഏറ്റവുമധികം സ്രവപരിശോധന നടക്കുന്നതും. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത 57 രോഗബാധിതരില്‍ 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ കാലടി, നായരമ്പലം, വെങ്ങോല തുടങ്ങിയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.