കേരളത്തില്‍ അസാധാരണമായ സാഹചര്യം; പ്രതിഷേധം വ്യക്തിപരമല്ല; നയങ്ങളോട്; രാജ്ഭവന് മുന്നില്‍ സീതാറാം യെച്ചൂരി

കേരളത്തില്‍ അസാധാരണമായ സാഹചര്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള രാജ്ഭവന്‍ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ കേരളത്തില്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയോടല്ല, അദേഹത്തിന്റെ നയങ്ങളോടാണ് പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണറെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.

ഡി.എം.കെ. നേതാവ് തിരുച്ചി ശിവയും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തിന് മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നാണ് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. ഇടതുമുന്നണിയുടെ ഉന്നത നേതാക്കളെല്ലാവരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണയില്‍ പങ്കെടുക്കേണ്ട എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

കേരള സംസ്ഥാനം രൂപീകൃതമായശേഷം 28 ഗവര്‍ണര്‍മാര്‍ ആ പദവിയില്‍ ഇരുന്നു. പലകാലങ്ങളിലായി നിര്‍ണായകമായ പല സാഹചര്യങ്ങളിലും സംസ്ഥാനത്ത് ഭരണതലത്തിലോ മറ്റേതെങ്കിലും തരത്തിലോ തന്റെതന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ ഒരു ഗവര്‍ണറും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.

എന്നാല്‍, അതിനു വിരുദ്ധമായി ആരിഫ് മൊഹമ്മദ് ഖാന്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി പദവി ദുരുപയോഗം ചെയ്യുകയാണ്. അദ്ദേഹം ഗവര്‍ണര്‍പദവി ഭരണഘടനാപരമായല്ല ഉപയോഗിക്കുന്നത്. മാത്രമല്ല തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാറിന്റെയും ബിജെപിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നീങ്ങുകയും ചെയ്യുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി മിക്ക സംസ്ഥാനങ്ങളും കോടികള്‍ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തത് നാം കണ്ടു. കേരളത്തിലും പണമൊഴുക്കി സീറ്റുപിടിക്കാമെന്ന് അവര്‍ കരുതി. കൂടാതെ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തി. ഒന്നും വിജയിക്കില്ലെന്ന് വന്നതോടെയാണ് ഗവര്‍ണറെ ഉപയോഗിച്ച് ഭരണപ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയത്.

സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡ നടപ്പാകണമെങ്കില്‍ കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ പുരോഗതി ഇല്ലാതാക്കിയേ മതിയാകൂ. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സകല മേഖലയിലുമുള്ള കാവിവല്‍ക്കരണം മറ്റു സംസ്ഥാനങ്ങളില്‍ ചെയ്ത പോലെ കേരളത്തില്‍ പ്രാവര്‍ത്തികമാകില്ല എന്ന് അവര്‍ക്കറിയാം. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കുന്നത് കാവി അജന്‍ഡകളാണ്. അതിനു പാകമായ മണ്ണൊരുക്കുന്നതിന് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ ഇല്ലാതാക്കണം. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി പരിവര്‍ത്തിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയണം. അതിനാണ് സര്‍വകലാശാലകളെത്തന്നെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് എല്ലാ കേരളീയരുടെയും ആവശ്യമാണ്.

സ്വന്തം സര്‍ക്കാരിനും അതിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഗവര്‍ണര്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അതില്‍ ഒന്നുപോലും കഴമ്പുള്ളവയല്ല. മാത്രമല്ല അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചില പ്രത്യേക കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങളും മറ്റും സത്യമാണ് എന്ന തരത്തില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഗവര്‍ണറും അദ്ദേഹത്തെ ഉപദേശിക്കുന്ന മന്ത്രിസഭയും അടങ്ങുന്നതാണ് സര്‍ക്കാര്‍. ആ സര്‍ക്കാരിനെ മുന്നോട്ടുനയിക്കേണ്ടത് ഗവര്‍ണറില്‍ നിക്ഷിപ്തമായ ഭരണഘടനാ ബാധ്യതയാണ്. അത് നിറവേറ്റണം. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമെല്ലാം ഉത്തരവാദിത്വവും ചുമതലകളും ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.

ഭരണഘടനാ ഭേദഗതിയിലും എല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. നിര്‍ഭാഗ്യവശാല്‍ അതെല്ലാം മറന്നാണ് ആരിഫ് മൊഹമ്മദ് ഖാന്റെ നീക്കം. ഏകാധിപതിയെപ്പോലെയാണ് ഗവര്‍ണര്‍ ഇടപെടുന്നത്. ഭരണഘടനയുടെ 213-ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന ഓര്‍ഡിനന്‍സുകള്‍ ഒപ്പിടേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ബാധ്യതയാണ്. ഇടാതിരുന്നാല്‍ അത് ഗുരുതരമായ ഭരണഘടനാ ലംഘനമായി മാറുമെന്ന് നിയമവിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് ചില സാഹചര്യങ്ങളില്‍ 213-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ ഉപദേശം തേടാവുന്നതാണ്. ഓര്‍ഡിനന്‍സോ ബില്ലോ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. പക്ഷേ, അതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നത്.

1974ല്‍ ഷംസേര്‍ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിലെ വിധിന്യായത്തില്‍ ഗവര്‍ണറുടെ തൃപ്തിയെന്നാല്‍ മന്ത്രിസഭയുടെ തൃപ്തിയെന്ന് വ്യക്തമായി പറയുന്നുണ്ട്. അതിനു വിരുദ്ധമായാണ് മന്ത്രിമാരില്‍ തനിക്ക് പ്രീതി നഷ്ടമായി എന്ന് ഗവര്‍ണര്‍ പറഞ്ഞത്. സര്‍വകലാശാലാ വിസിമാരില്‍നിന്നു രാജി ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ നീക്കവും സെര്‍ച്ച് കമ്മിറ്റി നിയമനവുമായി ബന്ധപ്പെട്ടുള്ള പരസ്യപരാമര്‍ശങ്ങളുമെല്ലാം വിമര്‍ശത്തിനു വിധേയമായിക്കഴിഞ്ഞു. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയോ അവരുടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയോ ചെയ്യാന്‍ പാടില്ല. തനിക്ക് രാഷ്ട്രീയമുണ്ട് എന്ന് പരസ്യമായി പറയുന്ന ഗവര്‍ണറില്‍നിന്ന് മറിച്ചൊരു നിലപാട് പ്രതീക്ഷിക്കുകയും വേണ്ട.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസരംഗത്ത് ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് നടക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകള്‍ രാജ്യത്തുതന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ന്യൂജന്‍ കോഴ്‌സുകള്‍ തുടങ്ങി. അധ്യാപന നിലവാരം മെച്ചപ്പെടുത്താന്‍ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കി വരികയാണ്. കേരള സര്‍വകലാശാലയ്ക്ക് മികവിനുള്ള നാക് അക്രഡിറ്റേഷന്‍ എ++ ഗ്രേഡ് ലഭിച്ചു. സംസ്‌കൃത സര്‍വകലാശാലയ്ക്കും കൊച്ചി സര്‍വകലാശാലയ്ക്കും കോഴിക്കോട് സര്‍വകലാശാലയ്ക്കും എ+ ലഭിച്ചു. കേരളത്തിലെ ക്യാമ്പസുകളിലേക്കും പഠന വകുപ്പുകളിലേക്കും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠനത്തിനും ഗവേഷണത്തിനുമായി എത്തിച്ചേരുന്നു. ആഗോള അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തിലെ ക്യാമ്പസുകളിലേക്ക് റിക്രൂട്ട്മെന്റിനായി എത്തുന്നു.

ഇതെല്ലാം തെളിയിക്കുന്നത് മറ്റെല്ലാ മേഖലകളിലും എന്നപോലെ ഉന്നതവിദ്യാഭ്യാസ രംഗത്തും അതിവേഗം കുതിപ്പ് തുടരുകയാണ് എന്നാണ്. അതിനു തടയിട്ടുകൊണ്ട് അടിസ്ഥാന വിദ്യാഭ്യാസരംഗത്തുതന്നെ അന്ധവിശ്വാസങ്ങളിലും അബദ്ധ ധാരണകളിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സംഘപരിവാര്‍ അജന്‍ഡ. അത്തരം നീക്കങ്ങള്‍ ആസൂത്രിതമായി കേരളത്തിലെ സര്‍വകലാശാലകളിലും ഒളിച്ചുകടത്താനുള്ള നീക്കങ്ങളെ ചെറുക്കേണ്ടത് ഓരോ കേരളീയന്റെയും കടമയാണെന്നും ജയരാജന്‍ പറഞ്ഞു.