കേരള സർവാകലാശാലയിൽ എസ്എഫ്‌ഐ പ്രതിഷേധം; പൊലീസ് വാഹനത്തിന് മുകളിൽ കയറി നേതാവ്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കേരള സർവകലാശാലയിൽ സംഘർഷാവസ്ഥ. എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്എഫ്‌ഐ നേതാവ് നന്ദൻ പൊലീസ് ബസിന് മേൽ കയറി പ്രതിഷേധിച്ചു. ഉദ്യോഗസ്ഥർ വാഹനത്തിന് മുകളിൽ കയറി നന്ദനെ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വാഹനത്തിന് മുകളിൽ തന്നെ നേതാവിനെ ബന്ധനസ്ഥനാക്കി സ്റ്റേഷനിലേക്ക് കൊണ്ടുയി.

രണ്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. സെനറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സർവകലാശാല ഗേറ്റിന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കേരള സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനോട് എസ്എഫ്‌ഐ ഉപമിച്ചു.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ മറ്റു പ്രവർത്തകർ സർവകലാശാലയ്ക്ക് മുന്നിൽ ഉപരോധം തുടരുകയാണ്. സംസ്ഥാന അധ്യക്ഷൻ പിഎം ആർഷോയും സ്ഥലത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട കേരള യൂണിവേഴ്‌സിറ്റി യൂണിയനെ വൈസ് ചാൻസലർ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കില്ലെന്നാരോപിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്‌സിറ്റി സബ്‌സെന്ററിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായിരുന്നു.