ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ പ്രഭാഷണം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ തൗഹിദ് ജമാ അത്ത് നേതാവായ ഭീകരന്‍ പലകുറി കേരളത്തില്‍ വന്നിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ഹാഷിം വന്നിട്ടുണ്ട്. ആലുവയ്ക്ക് സമീപമുള്ള പാനായിക്കുളം മലപ്പുറം എന്നിവടങ്ങളില്‍ ഹാഷിം പ്രസംഗിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനായിരുന്നു ഹാഷിമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ലങ്കന്‍ മാധ്യമങ്ങളും ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മിറര്‍ എന്നിവരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

സഹ്രാന്‍ ഹാഷിം രണ്ടു ദിവസം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന സ്ഥിരീകരിച്ചത്. തലസ്ഥാനമായ കൊളംബോയിലെ ഷാങ്ഗ്രി ലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തിലാണ് സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

നാഷണല്‍ തൗഹിദ് ജമാ അത്തും ഐ.എസുമായും ബന്ധമുള്ള ഭീകരനാണ് സഹ്രാന്‍ ഹാഷിം. ഇദ്ദേഹത്തിന് ഇന്ത്യയിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ തൗഹിദ് ജമാ അത്ത് തലവന്‍ ശ്രീലങ്കയ്ക്ക് പുറമെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഹാഷിം കെല്ലപ്പെട്ടെന്ന വിവരം വന്നിരിക്കുന്നത്.

ഐസിസ് ബന്ധമുള്ളതിന്റെ പേരില്‍ പിടിയിലായ ഇന്ത്യക്കാരില്‍ നിന്നാണ് നാഷണല്‍ തൗഹിദ് ജമാ അത്തിന്റെ വിവരം ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇവരെ പിടികൂടുന്നതിന് തിരുവനന്തപുരത്തും റെയ്ഡ് നടത്തിയിട്ടുണ്ട്. എന്‍ഐഎ ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കിയിരുന്നു. ഈ വിവരം ശ്രീലങ്ക കാര്യമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.