ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ‘അഴകൊഴമ്പൻ’ സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മാറ്റം വരുത്താൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീ പ്രവേശനത്തിനായി ആദ്യം ശക്തമായ നിലപാട് എടുത്ത ഒന്നാം പിണറായി സർക്കാർ, പിന്നീട് പ്രതിഷേധങ്ങൾ ഭയന്ന് മാപ്പ് പറയുന്ന അവസ്ഥയിലേക്ക് എത്തിയെന്നും വി. ഡി സതീശൻ ആരോപിച്ചു.
സുപ്രീം കോടതിയിൽ നിലവിലുള്ള സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നുണ്ടോ അതോ അത് തിരുത്താൻ തയ്യാറാണോ എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം. ഇക്കാര്യത്തിൽ ഒളിച്ചുകളി അനുവദിക്കില്ലെന്നും, സ്ത്രീ പ്രവേശനത്തെ ഇപ്പോഴും അനുകൂലിക്കുന്നുണ്ടെങ്കിൽ അത് തുറന്നു പറയണമെന്നും അദ്ദേഹം കൂട്ടിചേർത്തു.







