ഇറാനെതിരെയുള്ള സൈനിക നടപടികളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച നാവിക ഉപരോധം ഇറാനെ വലയ്ക്കുന്നു. വിലക്ക് ആഗോള എണ്ണ വിപണിയെയും ഇന്‍ഷുറന്‍സ് മേഖലയെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവില്‍ മേഖലയില്‍ കപ്പല്‍ ഗതാഗതം വളരെ കുറവാണെന്നും യുഎസ് സേന കര്‍ശനമായ പരിശോധനയും നിയന്ത്രണങ്ങളും തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ തുറമുഖങ്ങളിലേക്ക് എത്തുന്ന കപ്പലുകളെ ലക്ഷ്യംവെച്ചാണ് യുഎസ് പ്രധാനമായും ഈ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപരോധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒരു കപ്പലിനും യുഎസ് തടസ്സം മറികടക്കാന്‍ കഴിഞ്ഞില്ലെന്നും, യുഎസ് സേനയുടെ നിര്‍ദ്ദേശപ്രകാരം ആറ് കപ്പലുകള്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുപോയെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.ഉപരോധം നിലവില്‍ വന്ന ആദ്യ ദിനമായ ചൊവ്വാഴ്ച ഈ ജലപാത മുറിച്ചുകടക്കാന്‍ ശ്രമിച്ച എട്ട് കപ്പലുകളില്‍ ഒന്നായിരുന്നു ചൈനീസ് ഉടമസ്ഥതയിലുള്ള യുഎസ് ഉപരോധം നേരിടുന്ന ടാങ്കറായ റിച്ച് സ്റ്റാറി. ഇറാനുമായുള്ള ഇടപാടുകള്‍ കാരണം റിച്ച് സ്റ്റാറിയെയും അതിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുന്റണ്‍ ഷിപ്പിംഗ് കമ്പനിയെയും നേരത്തേതന്നെ യുഎസ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഹംരിയ തുറമുഖത്ത് നിന്ന് കയറ്റിയ ഏകദേശം 2,50,000 ബാരല്‍ മെഥനോള്‍ ആണ് ഈ ടാങ്കറിലുള്ളത്.
ടാങ്കറുകള്‍ ചൊവ്വാഴ്ച ഒരു യുഎസ് ഡിസ്‌ട്രോയര്‍ കപ്പല്‍ തടഞ്ഞതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റിച്ച് സ്റ്റാറി ഗള്‍ഫില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം ഹോര്‍മുസ് കടലിടുക്കിലേക്ക് തിരിച്ചുകയറിയതായി ഷിപ്പിംഗ് ഡാറ്റ കാണിക്കുന്നുമുണ്ട്.
ഒമാന്‍ ഉള്‍ക്കടലിലെ ഇറാനിയന്‍ തുറമുഖമായ ചബഹാറില്‍ നിന്ന് പുറപ്പെടാന്‍ ശ്രമിച്ച രണ്ട് ഓയില്‍ ടാങ്കറുകളെയും യുഎസ് ഡിസ്‌ട്രോയര്‍ തടഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര സമുദ്രപാതയില്‍ യുദ്ധസമാനമായ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ യുഎസും ഇറാനും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്.
Read more
യുഎസ് ഉപരോധത്തിലുള്ള മറ്റൊരു കൂറ്റന്‍ ടാങ്കറായ അലീഷ്യ ബുധനാഴ്ച കടലിടുക്ക് വഴി ഗള്‍ഫിലേക്ക് പ്രവേശിക്കുന്നുണ്ട്. 20 ലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള ഈ ഒഴിഞ്ഞ കപ്പല്‍ ഇറാഖില്‍ നിന്ന് ചരക്ക് കയറ്റാനാണ് പോകുന്നത്. യുഎസ് ഉപരോധം നിലനില്‍ക്കുന്ന കപ്പലാണെങ്കിലും ഇറാഖിലേക്ക് പോകുന്നതിനായാണ് കപ്പല്‍ ഗള്‍ഫിലേക്ക് പ്രവേശിക്കുന്നത്. ഇറാന്‍ തുറമുഖത്തേക്കല്ല എന്നുള്ളതുകൊണ്ടുതന്നെ ഈ കപ്പലിന് തടസങ്ങള്‍ നേരിടേണ്ടിവരില്ല എന്നാണ് കരുതുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം 130ലധികം കപ്പലുകള്‍ ഈ വഴി കടന്നുപോയിരുന്നു. നിലവില്‍ ഈ കടലിടുക്ക് ഏറെക്കുറെ അടച്ചിട്ട നിലയിലാണ്.







