യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ല; കാശ് ചോദിച്ച് ഉടമ രംഗത്ത് എത്തിയതോടെ പാക് സര്‍ക്കാരിന് മാനക്കേട്

യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന ഇസ്‌ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്‌ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയില്‍ വച്ചായിരുന്നു പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇറാന്‍- യുഎസ് ചര്‍ച്ച. ചര്‍ച്ച കഴിഞ്ഞു പാകിസ്ഥാന്‍ ഹോട്ടല്‍ ബില്‍ അടച്ചില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഹോട്ടല്‍ ഉടമ ഇടപെടുകയും ബില്ലുകള്‍ അടയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയില്‍ ബില്ലുകള്‍ അടയ്ക്കാത്തതിന്റെ പേരില്‍ പാകിസ്ഥാന് കടുത്ത വിമര്‍ശനങ്ങളും ഓണ്‍ലൈന്‍ പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രാദേശിക മധ്യസ്ഥനായി സ്വയം അവതരിപ്പിച്ച പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലെ കുടിശ്ശിക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി എടുത്തുകാണിക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പാകിസ്ഥാന് വീഴ്ചയുണ്ടായെന്നും അത് രാജ്യത്തിന്റെ പരാജയമാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 10-12 തീയതികളിലായായിരുന്നു ഇറാന്‍-യുഎസ് ചര്‍ച്ച പാകിസ്ഥാനില്‍ നടന്നത്. അതീവ സുരക്ഷയില്‍ നടന്ന ചര്‍ച്ച പക്ഷേ സമവായത്തില്‍ എത്തിയിരുന്നില്ല. യുഎസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ ഈയാഴ്ച അവസാനം പാകിസ്ഥാനില്‍ നടക്കും. രണ്ടുരാജ്യത്തെയും പ്രതിനിധികള്‍ ഈയാഴ്ച ഇസ്‌ലാമാബാദിലേക്കു തിരിക്കും. ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ ഏപ്രില്‍ 21 ന് അവസാനിക്കാനിരിക്കെയാണ് അതിന് മുന്നോടിയായി വീണ്ടും ചര്‍ച്ച നടത്തുന്നത്. അതിനിടയില്‍ ഉണ്ടായ ഹോട്ടല്‍ ബില്ല് അടയ്ക്കാത്ത അവസ്ഥ പാകിസ്ഥാന് ലോകവേദിയില്‍ നാണക്കേടായി.