ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ആക്രമണങ്ങള്‍ ലഘൂകരിക്കപ്പെട്ടതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഫോക്‌സ് ന്യൂസ് അവതാരക മരിയ ബാര്‍ടിരോമോയുമായുള്ള അഭിമുഖത്തിലാണു ട്രംപിന്റെ പ്രതികരണം. അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുവന്നിട്ടുള്ളു. അഭിമുഖത്തിലെ വെളിപ്പെടുത്തലുകളോട് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നു കഴിഞ്ഞ ആഴ്ചകളില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേ സമയം തങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കൂടി ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞുവെച്ചു. ഇസ്ലാമാബാദില്‍ ഇറാനും യുഎസും തമ്മില്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ട്രംപിന്റെ പ്രസ്താവന. ഇറാന്റെ ആണവ ശേഷികള്‍ നിര്‍വീര്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ‘ഞാന്‍ അത് ചെയ്തില്ലെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ ഇറാനില്‍ ആണവായുധം കാണും’ എന്നായിരുന്നു പ്രതികരണം.
‘എനിക്ക് തോന്നുന്നു, അത് അവസാനിക്കുന്നതിന്റെ വളരെ അടുത്തെത്തിയെന്ന്”ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും. ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല, എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം’ .
ഇതിനിടെ ഇറാന്‍ യുഎസ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് നാലുദിവസത്തെ നയതന്ത്ര സന്ദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവടങ്ങളിലാകും ഷെബഹാസ് സന്ദര്‍ശനം നടത്തുക. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ട്രംപിന്റെ ഐക്യരാഷ്ട്ര സഭയുടെയും പിന്തുണയോടെയാണ് പാക് പ്രധാനമന്ത്രി രഹസ്യ നയതന്ത്ര നീക്കങ്ങളും സന്ദര്‍ശനങ്ങളും നടത്തുന്നതെന്നാണ് സൂചന. യുഎസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുന്നോടിയായി ഇരുപക്ഷത്തേയും വീണ്ടും ടേബിളിലേക്കെത്തിക്കാനാണ് നീക്കം. രണ്ടാംഘട്ട ചര്‍ച്ച ഇസ്ലാമാബാദില്‍ തന്നെ നടക്കുമെന്ന് ട്രംപ് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.
Read more
ഈ ആഴ്ച അവസാനം ചര്‍ച്ചയ്ക്കായി ഇരുവിഭാഗത്തുനിന്നും നേതാക്കള്‍ ഇസ്‌ലമാബാദിലേക്കു തിരിക്കുമെന്നാണു വിവരം. എന്നാല്‍ ചര്‍ച്ചയ്ക്കായി കൃത്യമായി തീയതി നിശ്ചയിച്ചിട്ടില്ലെന്നു ഇറാനിലെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുഎസും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.







