ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ജൂണ്‍ 3ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സിദ്ധരാമയ്യയുടെ പിന്‍ഗാമിയായി സിഎല്‍പിയില്‍ ഡി കെ ശിവകുമാറിന്റെ പേര് ഉയരും. ഇന്ന് വൈകിട്ടാണ് കര്‍ണാടക സിഎല്‍പി യോഗം ചേരുന്നത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്താനിരിക്കെ മന്ത്രിസഭയിലെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ചില നേതാക്കള്‍ ഡല്‍ഹിയില്‍ തമ്പടിച്ചിട്ടുണ്ട്.

വൈകിട്ട് നാലിന് വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളിലാണു ഡികെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ യോഗത്തിനു മേല്‍നോട്ടം വഹിക്കും. എല്ലാ എംഎല്‍എമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധരാമയ്യയുടെ കീഴില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാറാന്റെ പേര് സിദ്ധരാമയ്യ തന്നെ പുതിയ സിഎല്‍പി നേതാവായി നിര്‍ദേശിക്കുമെന്നാണ് സൂചന. അല്ലെങ്കില്‍ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അധികാരം നല്‍കുന്ന ഒറ്റവരി പ്രമേയം പാസാക്കുകയാവും ചെയ്യുക.

ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ രാജി നല്‍കുകയും വെള്ളിയാഴ്ച ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഗ്ലോട്ട് സിദ്ധരാമയ്യയുടെ രാജി സ്വീകരിക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ 3ന് ബുധനാഴ്ച നടക്കുമെന്ന് തീരുമാനമായിട്ടുണ്ട്. കുറച്ച് മന്ത്രിമാരും ഡികെയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച ഡല്‍ഹിയില്‍വച്ച് സിദ്ധരാമയ്യയും ശിവകുമാറും കോണ്‍ഗ്രസ് നേതൃത്വവുമായി പുതിയ മന്ത്രിസഭയുടെയും അധികാര കൈമാറ്റത്തിന്റെയും ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു.

ജാതി സമവാക്യങ്ങള്‍, പ്രദേശങ്ങള്‍, സിദ്ധരാമയ്യയുടെ വിശ്വസ്തര്‍ തുടങ്ങിയവ കണക്കിലെടുത്തു പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് സന്തുലിതാവസ്ഥ കൈവരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ഒന്നിലധികം ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും സിദ്ധരാമയ്യ മന്ത്രിസഭയിലെ പല മന്ത്രിമാരും നിലനിര്‍ത്തപ്പെടില്ലെന്നും അഭ്യൂഹങ്ങളുണ്ട്.

2023 ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരമേറ്റതിനുശേഷം സിദ്ധരാമയ്യ തന്റെ അധികാര കാലാവധിയുടെ പകുതിയിലധികം പൂര്‍ത്തിയാക്കിയാണ് രാജിവെച്ചത്. 2023 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനുശേഷം, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടല്‍ ക്രമീകരണത്തെക്കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടന്നിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം അധികാര കൈമാറ്റം ഉള്‍പ്പെടുത്തിയ ഫോര്‍മുലയാണ് അന്ന് തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അംഗീകരിച്ചത്.

Read more

വ്യാഴാഴ്ച രാജിവച്ച സിദ്ധരാമയ്യ രാജ്യസഭയിലേക്ക് നീങ്ങാനുള്ള പാര്‍ട്ടിയുടെ ക്ഷണം നിരസിച്ചു. സംസ്ഥാനത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ദേശീയ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിരുന്നു. സിദ്ധരാമയ്യയുടെ കേന്ദ്രനേതൃത്വവുമായുള്ള യോഗങ്ങളില്‍ നിന്ന് പുറത്തുവന്ന ഫോട്ടോഗ്രാഫുകളില്‍ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവുമുണ്ടായിരുന്നു. യതീന്ദ്രയെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇത് ആക്കം കൂട്ടിയിട്ടുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ യതീന്ദ്രയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സൂചിപ്പിക്കുന്നു.