പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ കള്ളവോട്ട് നടന്നതായി റിപ്പോര്‍ട്ട്

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍  കള്ളവോട്ട് നടന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള പൊലീസുകാര്‍ക്കാണ് പോസ്റ്റല്‍ വോട്ടുണ്ടായിരുന്നത്. ഇവരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

തിരുവനന്തപുരം വട്ടപ്പുറ സ്വദേശിയായ പൊലീസുകാരനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊലീസ് അസോസിയേഷന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

പൊലീസുകാരില്‍ സമര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദേശിക്കുന്ന വിലാസത്തിലേക്ക് ഈ ബാലറ്റ് അയ്ക്കാന്‍ നിര്‍ദേശിക്കും. വിവിധ വിലാസങ്ങളാണ് സംശയം തോന്നാതിരിക്കാന്‍ നല്‍കിയത്. ഒരു പൊലീസുകാരന്റെ വീട്ടിലേക്ക് മാത്രം നാല് പോസ്റ്റല്‍ ബാലറ്റ് വന്നിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. ഇക്കാര്യം പോസ്റ്റുമാസ്റ്ററും സ്ഥിരീകരിച്ചതായി ചാനല്‍ അവകാശപ്പെടുന്നു.