സംസ്ഥാനത്ത് കാറ്റോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത; കോഴിക്കോടും വയനാടും റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ കാറ്റോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോടും വയനാടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.

അതിനിടെ വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്രമഴയ്ക്ക് കാരണം. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മഴ കനക്കുന്ന സാഹചര്യത്തില്‍ ദേശിയ ദുരന്തനിവാരണ സേനയുടെ നാലു യൂണിറ്റ് കേരളത്തില്‍ എത്തി. ഇന്ന് രണ്ട് യൂണിറ്റ് കൂടി എത്തും.

വയനാട്ടില്‍ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാല്‍ ചാലിയാര്‍, പൂനൂര്‍ പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതര്‍ അറിയിക്കുന്ന ഘട്ടത്തില്‍ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണ്.

സമീപ പ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ ചാലിയാര്‍, ഇരുവഴഞ്ഞിപ്പുഴ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമെന്നു കണ്ടാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.