രവീന്ദ്രന്‍ പട്ടയം: ഉത്തരവ് എം.എം മണിയെയും പാര്‍ട്ടി ഓഫീസിനെയും ലക്ഷ്യം വെച്ചുള്ളതെന്ന് മുന്‍ അഡിഷണല്‍ തഹസില്‍ദാര്‍

വിവാദമായ പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് എംഎം മണിയേയും സിപിഎം പാര്‍ട്ടി ഓഫീസിനെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് മുന്‍ അഡിഷണല്‍ തഹസില്‍ദാര്‍ എംഐ രവീന്ദ്രന്‍. തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത നേരം നോക്കി ഉത്തരവിറക്കിയിരിക്കുന്നത് നിയമവിരുദ്ധമാമെന്നും രവീന്ദ്രന്‍ പറഞ്ഞു.

‘പാവപ്പെട്ടവര്‍ക്ക് പട്ടയം നല്‍കിയ ഭൂമി മറ്റ് ചിലര്‍ പണം നല്‍കി വാങ്ങി. ഇവിടെയാണ് റിസോര്‍ട്ട് പണിതിരിക്കുന്നത്. എംഎം മണിയെ ആണ് ലക്ഷ്യമിടുന്നത് എന്ന് പറയുന്നത് സിപിഐ പാര്‍ട്ടി ഓഫീസ് പട്ടയം റദ്ദാക്കിയതിനാലും സിപിഎം പാര്‍ട്ടി ഓഫീസ് പട്ടയത്തോടെ നിലനില്‍ക്കുന്നതിനാലുമാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്.’

‘വ്യാജ പട്ടയങ്ങള്‍ പെരുകിയത് ഞാന്‍ സ്ഥലംമാറിയതിന് ശേഷം റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കളിയുടെ ഭാഗമാണ്. ഇതിനായി എന്റെ ഓഫീസ് സീല്‍ ഉപയോഗിച്ചു. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് ഉറപ്പാണ്. നിയമപരമായി ചെയ്ത കാര്യമായതിനാലാണ് ആത്മവിശ്വാസത്തോടെ ഇക്കാര്യം പറയാന്‍ കഴിയുന്നത്’ രവീന്ദ്രന്‍ പറഞ്ഞു.

റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.