രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസ്; 15 പോപ്പുലര്‍ ഫ്രണ്ടുകാര്‍ കുറ്റക്കാരെന്ന് കോടതി

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. കേസിലെ എല്ലാ പ്രതികളും പോപ്പുലര്‍ ഫ്രണ്ട് പ്രതികളാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.

2021 ഡിസംബര്‍ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രഞ്ജിത്തിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയും ഭാര്യയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തിന് മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ സുപ്രീം കോടതി പ്രതികളുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ മൂന്ന് ഘട്ടങ്ങളായി ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയെ വധിച്ചപ്പോള്‍ എതിര്‍ഭാഗത്ത് നിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്നും അങ്ങനെയെങ്കില്‍ ഒരാളെ കൂടി കൊലപ്പെടുത്തണമെന്നും പ്രതികള്‍ പദ്ധതിയിട്ടിരുന്നു.

2021 ഡിസംബര്‍ 18ന് മണ്ണാഞ്ചേരിയില്‍ ഷാന്‍ കൊല്ലപ്പെട്ടതോടെ രഞ്ജിത്തിനെ വധിക്കാന്‍ പ്രതികള്‍ വീണ്ടും ഗൂഢാലോചന നടത്തി. അര്‍ദ്ധ രാത്രിയോടെ രഞ്ജിത്തിനെ വധിക്കാന്‍ പദ്ധതിയിട്ട് പ്രതികള്‍ എത്തിയെങ്കിലും അനുകൂല സാഹചര്യം ലഭിക്കാത്തതോടെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം പുലര്‍ച്ചെ 6ന് രഞ്ജിത്തിനെ വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു.