രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  ജാഥ ഉദ്ഘാടനം ചെയ്തു.  കാസർ​ഗോഡ് കുമ്പളയിൽ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്.

എൽ.ഡി.എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രമേശ് ചെന്നിത്തല നിയമസഭയില്‍ അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ട്. അവരുടെ അംഗീകാരം നേടി ഒരു വിജയിയായിട്ടാണ് ചെന്നിത്തല കാസര്‍ഗോട് നിന്ന് ജാഥ ആരംഭിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ല. കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടത് സർക്കാരിന്റെ ഭരണകാലം. കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തിരക്കുകളിലേക്ക് സംസ്ഥാനം കടക്കുന്നതിന് മുന്നോടിയായുള്ള ആദ്യ യാത്രയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര. 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

Read more

യാത്രയ്ക്ക് മുമ്പായി ജില്ലയിലെ പ്രധാന ആരാധനാലയങ്ങളിൽ രമേശ് ചെന്നിത്തല സന്ദർശനം നടത്തിയിരുന്നു. തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിലും പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ചിലും എടനീർ മഠത്തിലും എത്തിയ ശേഷം പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് രമേശ് ചെന്നിത്തല കാസർഗോടെത്തിയത്. എന്നാൽ കൊല്ലുരിൽ വച്ച് സോളാർ കേസിലെ പരാതിക്കാരി തന്നെ കണ്ടു എന്ന ആരോപണം ചെന്നിത്തല നിഷേധിച്ചു.