'മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി, ടാറ്റയ്ക്കും ബിർളക്കുമെതിരെ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം മുഖ്യമന്ത്രി മറന്നുപോയി'; ബ്രൂവറിയിൽ രമേശ് ചെന്നിത്തല

ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്നും കമ്പനിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. കുടിക്കാൻ വെള്ളമില്ലാത്ത സ്ഥലമാണ്. സർക്കാർ പദ്ധതിയിൽ നിന്ന് പിന്തിരിയണം. പദ്ധതി പിൻവലിക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തൊഴിലവസരങ്ങളുണ്ടാകുമെന്നതും കൃഷിയ്ക്ക് ഗുണകരമാകുമെന്നതും തെറ്റാണ്. പഞ്ചാബിൽ മലിനീകരണത്തിന്റെ പേരിൽ കമ്പനിക്കെതിരെ കേസുണ്ട്. ഡൽഹി മദ്യനയ അഴിമതിയിൽ ഉൾപ്പെട്ട കമ്പനിയാണ്. കമ്പനിയെ ആരു വിളിച്ചു കൊണ്ടു വന്നു എന്ന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊക്കകോളയ്ക്കതിരെ സമരം നടത്തിയവരാണ്. പ്ലാച്ചിമട സമരം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറയുമോ. ടാറ്റയ്ക്കും ബിർളക്കുമെതിരെ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം മുഖ്യമന്ത്രി മറന്നുപോയി. വ്യവസായങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ല. ജല ചൂഷണം നടത്തുന്ന കമ്പനികൾക്ക് വെള്ളം കൊടുക്കുന്നതിനാണ് എതിര്.

ബോധപൂർവമായ അഴിമതിയിൽ അഭിപ്രായം പറയാതെ സിപിഐ ഒളിച്ചു കളിക്കുകയാണ്. പ്ലാച്ചിമട സമരത്തിൽ മുൻപിൽ നിന്ന വീരേന്ദ്രകുമാറിന്റെ പാർട്ടിയും ഒരക്ഷരം മിണ്ടുന്നില്ല. ആർജെഡി അഭിപ്രായം പറയണം. നാളെ താൻ എലപ്പുള്ളി സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read more