ചോദ്യപേപ്പര്‍ വിവാദം: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനം ഒഴിയുന്നു

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തിന് പിന്നാലെ പരീക്ഷ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് സ്ഥാനമൊഴിയുന്നു. ഡപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സിലറിന് കത്ത് നല്‍കിയതായാണ് സൂചന. തീരുമാനം വിസി അംഗീകരിച്ചുവെന്നാണ് വിവരം. ഇതോടെ അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ പി.ജെ വിന്‍സെന്റ് സര്‍ക്കാര്‍ സര്‍വീസിലേക്ക് മടങ്ങും.

ചൊക്ലിയിലെ തലശ്ശേരി ഗവ.കോളജിന്റെ സ്‌പെഷല്‍ ഓഫിസറായിരിക്കെയാണ് ഡപ്യൂട്ടേഷനില്‍ ഇദ്ദേഹം പരീക്ഷാ കണ്‍ട്രോളറായത്. ഡപ്യൂട്ടേഷനില്‍ വന്നയാളായതിനാല്‍ സ്ഥാനം രാജിവയ്ക്കാനാവില്ല. ഡപ്യൂട്ടേഷന്‍ റദ്ദാക്കി സര്‍ക്കാര്‍ സര്‍വീസിലേക്കു തിരിച്ചു പോകാം.

മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനമായത്. 2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21ന് ആയിരുന്നു പരീക്ഷ നടന്നത്.

പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സമ്മതിച്ചിരുന്നു. പിഴവിന്റെ ഘാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. പിന്നാലെ ഏപ്രില്‍ 28ാം തിയതി മുതല്‍ അവധിയില്‍ പ്രവേശിച്ചു.

വരുന്ന 21ാം തിയതി ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചോദ്യപേപ്പര്‍ ആവര്‍ത്തനത്തെക്കുറിച്ചുള്ള വിസി ഗോപിനാഥ് രവീന്ദ്രന്റെ റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കൊണ് പിജെ വിന്‍സെന്റ് സ്ഥാനമൊഴിയുന്നത്. വിവാദമായതിന് പിന്നാലെ വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.