ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്; കേരളത്തിന് രണ്ട് ദേശീയ പുരസ്കാരങ്ങൾ

ദേശീയ തലത്തിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്.

ലോക രോഗി സുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്. കോവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്.

ദേശീയ തലത്തിൽ നാഷണൽ എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്തും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ റണ്ണർ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. 93 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതിൽ ഇതുവരെ 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും 849 പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതിൽ ഇതുവരെ 78 പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുമാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

കേരളത്തിലെ 125 സർക്കാർ ആശുപത്രിക്കൾക്കാണ് ഇതുവരെ നാഷണൽ എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. അതിൽ 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 78 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. നേടിയിട്ടുള്ളത്.

Read more

ആറ് സർക്കാർ ആശുപത്രികൾ എൻ.ക്യു.എ.എസ്. അക്രഡിറ്റേഷന് വേണ്ടിയിട്ടുള്ള ദേശീയതല പരിശോധന കഴിഞ്ഞു ഫലം കാത്തിരിക്കുകയാണ്. ഇത് കൂടാതെ 6 ആശുപത്രികൾ ദേശീയ തല പരിശോധനക്കായുള്ള അപേക്ഷ നൽകി പരിശോധന നടപടികൾ കാത്തിരിക്കുകയാണ്.