മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; മരംമുറി കേസിലെ പ്രതികളെ കണ്ടു: ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

 

മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി തോമസ് എം.എല്‍.എ. കേസിലെ പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടു കൊണ്ടായിരുന്നു പി.ടി തോമസിന്റെ വാർത്താസമ്മേളനം. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തു നില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി തോമസ് ചോദിച്ചു. കോഴിക്കോട് എം.ടി വാസുദേവൻ നായരെ ആദരിക്കുന്ന ചടങ്ങിൽ എടുത്ത ചിത്രമാണിതെന്നാണ് താൻ മനസിലാക്കുന്നതെന്ന് പി.ടി തോമസ് പറഞ്ഞു. പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, 2017 ഫെബ്രുവരി 16, 18, 20,24 തിയതികളിൽ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിൽ മാംഗോ മൊബൈലിന്റെ പരസ്യം കൊടുത്തതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദ്ദപരമായി ചിരപരിചിതനായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് കേരളം തീരുമാനിക്കട്ടെയെന്നും പി.ടി. തോമസ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിനായി 2017 ജനുവരി 21 ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിച്ചു. 22ന് രാവിലെ 9 മണിക്ക് നിശ്ചയിച്ചിരുന്ന സംഭവം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം എം.എല്‍.എ എം. മുകേഷിന്റെ കൂടി പ്രേരണയാൽ ആണ് ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് വേണ്ടി മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഘാടകര്‍ കേസുകളില്‍ പ്രതികളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിന്മാറിയത്.

മുഖ്യമന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ചിത്രമെന്നാണ് പി.ടി. തോമസ് ആരോപിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇവരുമായി ബന്ധമുണ്ടെന്നോ മരംമുറി കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നോ താന്‍ ആരോപിക്കുന്നില്ലെന്നും പി.ടി തോമസ് പറഞ്ഞു. ചിത്രം പുറത്തുവിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെളിയിക്കാനാണെന്നും പി.ടി തോമസ് കൂട്ടിച്ചേർത്തു.