സില്‍വര്‍ ലൈനിനെതിരെ ആലുവയില്‍ പ്രതിഷേധം; കല്ലിടല്‍ സമരക്കാര്‍ തടഞ്ഞു

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് കല്ലിടാനുള്ള നീക്കം തടഞ്ഞ് സമരക്കാര്‍. ആലുവ കീഴ്മാട് പഞ്ചായത്തില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെയാണ് സമരക്കാര്‍ തടഞ്ഞത്. പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് കല്ലിടാനായി ഉദ്യോഗസ്ഥര്‍ എത്തിയത്.

എന്നാല്‍ അപ്പോഴേക്കും നാട്ടുകാരും കെ-റെയില്‍ വിരുദ്ധ സമരക്കാരും ഇവിടേക്ക് എത്തി. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയെങ്കിലും സമരക്കാര്‍ ഇത് വാഹനത്തിലേക്ക് തിരിച്ച് കയറ്റുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ ആലുവയില്‍നിന്ന് കൂടുതല്‍ പോലീസ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കല്ല് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതിന് അനുവദിക്കില്ലെന്ന നിലപാടുമായി പ്രതിഷേധക്കാരും നിലയുറപ്പിച്ചിട്ടുണ്ട്.