പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നു, മുഖ്യമന്ത്രി ഹര്‍ത്താല്‍ ആക്രമണത്തെ തള്ളിപ്പറയാത്തത് വിസ്മയകരം: വി.ഡി സതീശന്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ആക്രമണത്തെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് വിസ്മയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ നിലപാട് വിസ്മയകരമാണ്. ഒരുമണിക്കൂര്‍ തൃശൂരില്‍ പ്രസംഗിച്ചിട്ടും മുഖ്യമന്ത്രി ഹര്‍ത്താല്‍ പരാമര്‍ശിച്ചില്ല. അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലീസിന്റെ അസാന്നിധ്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അക്രമ സംഭവങ്ങള്‍ നേരിടാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രി ആര്‍എസ്എസുമായി ഒത്തുകളിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നു. ഹര്‍ത്താല്‍ നേരിടാന്‍ ഒരുതരത്തിലുള്ള മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിച്ചില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഒരു നടപടിയുമില്ല. എല്ലാ വര്‍ഗീയതയ്ക്കും സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഇന്നലെ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി രസിച്ചെന്ന് വി. മുരളീധരന്‍ പറഞ്ഞു. ആക്രമങ്ങള്‍ തടയാതെ പൊലീസ് മേധാവിയും അനങ്ങാപ്പാറ നയം സ്വീകരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയാല്‍ പൊലീസ് ഈ സമീപനം സ്വീകരിക്കുമോ? അക്രമികളെ എവിടെയെങ്കിലും പൊലീസ് നേരിട്ടതായി കണ്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

അതേസമയം,പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി.

ദേശീയ തലത്തില്‍ എന്‍ എ ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും തുടര്‍ന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.