'അധികാരത്തിലെത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥനെ തെരുവില്‍ കൈകാര്യം ചെയ്യും'; വിവാദ പ്രസ്താവനയുമായി കെപിസിസി സെക്രട്ടറി

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി. ഭരണം മാറിയാല്‍ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തെരുവില്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയുടെ പ്രസ്താവന.

സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് ചെയ്ത ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീരാജിനെ തെരുവിലിട്ട് തല്ലുമെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്തത് തന്തയില്ലായ്മയാണ്. സഹകരണ രജിസ്ട്രാര്‍ ഓഫീസ് വേണമെങ്കില്‍ തല്ലിത്തകര്‍ക്കുമെന്നും കെപിസിസി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Read more

അധികാരത്തിലെത്തിയാല്‍ കണക്ക് തീര്‍ക്കും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്എഫ്‌ഐക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകട്ടെ എന്നും അനീഷ് ആക്ഷേപം ഉന്നയിച്ചു. സിപിഒ ശ്രീരാജിന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിലായിരുന്നു കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി.